വയൽവാരം വീട്ടിലെ മുത്തശ്ശി പ്ലാവിന്‌ സുഖചികിത്സാക്കാലം



കഴക്കൂട്ടം > ശ്രീനാരായണഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട്ടിലെ മുത്തശിപ്ലാവിന്‌ ഇനി സുഖചികിത്സക്കാലം. 300 വർഷത്തിലധികം പഴക്കമുണ്ടെന്ന്‌ കരുതുന്ന പ്ലാവിനെ സംരക്ഷിക്കുന്നതിന്‌ ‘വൃക്ഷായുർവേദ ചികിത്സ’ തുടങ്ങി. കോട്ടയം വാഴൂർ സ്വദേശിയും വൃക്ഷവൈദ്യനുമായ കെ ബിനുവിന്റെ നേതൃത്വത്തിലാണ് ചികിത്സ. തടിയുടെ കാതൽ നശിച്ച്‌, പ്രധാന ശാഖകൾ ഉണങ്ങി ദ്രവിച്ചുപോയെങ്കിലും ശേഷിക്കുന്ന ശാഖകളിൽ ചക്കയുണ്ടാകാറുണ്ട്‌. മൂന്നുഘട്ടങ്ങളായിട്ടാണ്‌ ചികിത്സ നൽകുന്നതെന്ന് കെ ബിനു പറഞ്ഞു. ഔഷധക്കൂട്ടുകൾ തേച്ചുപിടിപ്പിക്കലാണ്‌ ആദ്യഘട്ടം. പാടത്തെ മണ്ണ്, ചെളി, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, ചിതൽ പുറ്റ് തെള്ളിയെടുത്തത്, വിഴാലരി, ശിവഗിരിഗോശാലയിൽനിന്ന്‌ കൊണ്ടുവന്ന പശുവിൻ പാൽ,ചാണകം, എള്ള്, ചെറുതേൻ, നെയ്യ്, കദളിപ്പഴം, രാമച്ചപ്പൊടി, ശർക്കര എന്നിവ ചേർത്ത 14 ൽ അധികം ഔഷധക്കൂട്ടുകൾ ചേർത്ത മിശ്രിതമാണ്‌ തേച്ചുപിടിപ്പിക്കുന്നത്‌. അതിനുശേഷം തുണികൊണ്ടുപൊതിയും. ജൈവമിശ്രിതം വൃക്ഷച്ചുവട്ടിൽ തളിക്കും. ഏഴുദിവസം തുടർച്ചയായി മൂന്ന് ലിറ്റർ പാൽ വീതം തടിയിൽ സ്‌പ്രേ ചെയ്യും. ആറുമാസമാണ് ചികിത്സാകാലാവധി. 13 വർഷമായി വൃക്ഷായുർവേദം ചെയ്യുന്ന ബിനു 211 ൽ അധികം മരങ്ങളെ ചികിത്സിച്ചിട്ടുണ്ട്‌. തിരുവനന്തപുരം പബ്ലിക് ലൈബ്രറി വളപ്പിലെ അപൂർവ കടമ്പ് മരം, സാഫല്യം കോംപ്ലക്‌സിലെ മരമല്ലി, മ്യൂസിയം വളപ്പിലെ ഏഴിലംപാല,ചന്തവിള  മാജിക് പ്ലാനറ്റിലെ പുളിമരം തുടങ്ങിയവ ബിനുവിന്റെ ചികിത്സയിലൂടെ അതിജീവിച്ചവയാണ്‌. സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ്‌, പ്രകൃതിമിത്ര അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. രാജസ്ഥാൻ സർക്കാരിന്റെ പ്രത്യേക ബഹുമതിയും ലഭിച്ചിട്ടുണ്ട്‌. ഗോപകുമാർ കങ്ങഴ,വിജയകുമാർ ഇത്തിത്താനം, സാബു ആലപ്പുഴ, അഖിലേഷ് വാഴൂർ, സുധീഷ് വെള്ളാപ്പള്ളി എന്നിവരും സഹായികളായി ഒപ്പമുണ്ട്‌. ചെന്നിത്തല സ്വദേശി ജി മധു ആണ് പ്ലാവിന്റെ ചികിത്സയ്‌ക്ക്‌ സാമ്പത്തിക സഹായം നൽകുന്നത്‌. പ്ലാവിന്റെ കാതൽ ദ്രവിച്ച്‌ വലിയപൊത്തുണ്ടാകാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട്‌ പിന്നിട്ടിട്ടുണ്ടാകും എന്നാണ്‌ കരുതുന്നത്‌. ശിവഗിരിയിലും അരുവിപ്പുറത്തും എത്തുന്ന തീർഥാടകർ ചെമ്പഴന്തി വയൽവാരും വീടും മുത്തശ്ശിപ്ലാവും സന്ദർശിച്ചിട്ടാണ് മടങ്ങാറുള്ളത് എന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. Read on deshabhimani.com

Related News