സങ്കരമനുഷ്യനും മത്സ്യത്തൊഴിലാളിയും
കൊച്ചി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിലെ ശാസ്‌ത്ര പാർലമെന്റിന്റെ ആദ്യപതിപ്പ് സൂപ്പർഹിറ്റ്. "നിർമിത ബുദ്ധി: വർത്തമാനവും സാധ്യതകളും' "സമുദ്രമാലിന്യങ്ങളും നമ്മളും' എന്നിവയായിരുന്നു വിഷയങ്ങൾ. കുസാറ്റ് മുൻ വിസി ഡോ. ബാബു ജോസഫ് ആദ്യവിഷയം അവതരിപ്പിച്ചു. കുസാറ്റ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് മറൈൻ ബയോടെക്നോളജി ഓണററി ഡയറക്ടർ ഡോ. എൻ ചന്ദ്രമോഹനകുമാർ രണ്ടാമത്തെ വിഷയം അവതരിപ്പിച്ചു. ശാസ്‌ത്രമുന്നേറ്റം തുറന്നിടുന്ന അനന്തസാധ്യതകൾക്കൊപ്പം വിപത്തുകളും ശാസ്‌ത്ര പാർലമെന്റിൽ ചർച്ചയായി. മനുഷ്യബുദ്ധിയും നിർമിത ബുദ്ധിയും കൂടിച്ചേർന്നുള്ള സൃഷ്ടി–-സങ്കരമനുഷ്യൻ, അങ്ങനൊന്ന് സംഭവിക്കാനുള്ള സാധ്യത കേന്ദ്രീകരിച്ച് സംവാദം മുന്നേറി. അത് സംഭവിച്ചുകൂടെന്നില്ലെന്നായിരുന്നു ബാബു ജോസഫിന്റെ മറുപടി. മനുഷ്യനെ മറികടക്കുന്ന അത്തരമൊരു സൃഷ്ടി തൊഴിൽനഷ്ടമുൾപ്പെടെ ഇടയാക്കില്ലേയെന്ന ആശങ്ക ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ചാറ്റ് ജിപിടിപോലുള്ള സങ്കേതങ്ങൾ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടസാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ജീവികൾ ഉണ്ടോയെന്നായിരുന്നു ചന്ദ്രമോഹനകുമാറിനോടുള്ള ചോദ്യങ്ങളിലൊന്ന്. ഭക്ഷിക്കുന്നവയില്ലെന്നും എന്നാൽ വിഘടിപ്പിക്കുന്നവയുണ്ടെന്നും അദ്ദേഹം മറുപടി നൽകി. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ പ്ലാസ്റ്റിക് ബാധിക്കുന്നതിനെക്കുറിച്ച് വിദ്യാർഥികളിൽ ഒരാളുടെ ചോദ്യം. ഇതിനകംതന്നെ ബാധിച്ച് കഴിഞ്ഞതായി വിഷയാവതാരകൻ പറഞ്ഞു. പ്രകൃതിയിൽ പതുക്കെയാണ് കാര്യങ്ങൾ നടക്കുക. ഒരുഘട്ടം കഴിയുമ്പോഴേ നമ്മൾ അതറിയൂ. ആ ഘട്ടത്തിൽ ഒരു തിരിച്ചുപോക്ക് അസാധ്യമാണ്– -ചന്ദ്രമോഹൻകുമാർ മുന്നറിയിപ്പ് നൽകി. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും ബാഗും നൽകി. Read on deshabhimani.com