ആനവണ്ടിയിൽ ആനന്ദയാത്ര; 99.25 ശതമാനം യാത്രക്കാരും സംതൃപ്‌തർ
തിരുവനന്തപുരം > കിടിലൻ യാത്രകളിലൂടെ നാട്ടുകാരുടെ ഹൃദയം കവർന്ന കെഎസ്‌ആർടിസിക്ക് യാത്രക്കാരുടെ മികച്ച മാർക്ക്. വിനോദയാത്ര സർവീസുകളിൽ യാത്രചെയ്‌ത 99.25 ശതമാനം പേരും സംതൃപ്‌തരാണെന്നാണ് കണ്ടെത്തൽ. 2021 നവംബർ 2o24 നവംബർ 30 വരെ 819645 പേരാണ് ഇത്തരം സർവീസുകളിൽ യാത്ര ചെയ്‌തത്. 1600 ഓളം വിനോദസഞ്ചാര പാക്കേജുകളും അവതരിപ്പിച്ചു. ഇവിടങ്ങളിലായി 14477 ട്രിപ്പുകളും നടത്തി. 53.11 കോടി രൂപയാണ് വരുമാനം. 2022, 2023 വർഷങ്ങളിലും 2024 ഒക്‌ടോബർവരെയും ശരാശരി 50 ലക്ഷം രൂപയാണ് വരുമാനമുണ്ടായിരുന്നെങ്കിൽ ഈനവംബറിൽ അത് അഞ്ച് മടങ്ങ് വർധിച്ചു. ആ മാസം 2.77 കോടി രൂപയാണ് വരുമാനം. 771 സർവീസുകൾ നടത്തി. ഇതിൽ 1.10 കോടി രൂപയുടെ ലാഭമുണ്ടായി. ഇതുവരെ ബജറ്റ് ടൂറിസം സെൽ വഴി നടത്തിയതിലൂടെ 16 കോടിയുടെ ലാഭമുണ്ടാക്കി. പൊതുജനങ്ങൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി കുറഞ്ഞ നിരക്കിൽ യാത്ര നടത്തുന്നതിനായാണ് കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ രൂപീകരിച്ചത്. 93 ഡിപ്പോകൾക്കും ഇത്തരം യാത്ര നടത്താൻ അനുവാദവും നൽകി. 89 ഡിപ്പോകളിൽ മികച്ച വരുമാനവുമുണ്ട്. ഡിപ്പോകളിൽ കോ ഓർഡിനേറ്റർ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് വിവരം നൽകാനും കൂടുതൽ പേരുണ്ടെങ്കിൽ അവർ നിശ്‌ചയിക്കുന്ന സ്ഥലങ്ങളിൽ യാത്ര നടത്തികൊടുക്കാനും ഡിപ്പോകളിൽ കോ ഓർഡിനേറ്റർമാരെ നിയമിച്ചു. ഇവർക്ക് യാത്രകളെ സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവയ്‌ക്കുകയും പ്രചരണം നടത്തുകയും ചെയ്യാം. നേരത്തെ ജില്ലകളിൽ മാത്രമായിരുന്നു കോ ഓർഡിനേറ്റർമാർ പ്രവർത്തിച്ചിരുന്നത്. ഡിപ്പോ കോ ഓർഡിനേറ്റർമാർക്ക് മാസത്തിൽ കുറഞ്ഞ ടാർഗറ്റ് അഞ്ചുലക്ഷമായും നിശ്‌ചയിച്ചിട്ടുണ്ട്. രണ്ടരലക്ഷത്തിന് മുകളിൽ വരുമാനമുണ്ടാക്കിയാൽ ഇൻസെന്റീവും നൽകും. Read on deshabhimani.com