കോവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ ബോധപൂർവശ്രമം: എ വിജയരാഘവന്‍



തൃശൂര്‍> സംസ്ഥാനത്തെ മികച്ച കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ അട്ടിമറിക്കാൻ  പ്രതിപക്ഷം  ബോധപൂർവം ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  വാളയാറിൽ കോൺഗ്രസ് നേതാക്കൾ നേരിട്ട്പോയി പ്രതിരോധപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയത്‌ ആസൂത്രിതമാണ്‌.   ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കോൺഗ്രസ് ജനപ്രതിനിധികൾ ലംഘിക്കുന്നത്‌ നാടിന്റെ താൽപ്പര്യത്തിനെതിരാണ്‌.  അപലപനീയവുമാണ്.  ഇതിൽനിന്നും പ്രതിപക്ഷം പിന്മാറണം. സംസ്ഥാനത്തെ മികച്ച പ്രവർത്തനങ്ങളെ  കേന്ദ്രസഹമന്ത്രി വി മുരളീധരൻ വിലകുറച്ച് കാണിക്കുകയാണ്. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചാണ് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തേണ്ടത്. ആ ഉത്തരവാദിത്തം നിറവേറ്റുന്നതിന് പകരം  പ്രതിപക്ഷത്തിന് സഹായകമായ നിലപാടുകളാണ്‌ സ്വീകരിക്കുന്നത്‌. അത്‌ തിരുത്തണം.വാളയാറിൽപോയ എംപിമാരും എംഎൽഎമാരും ക്വാറന്റൈനിൽ പോകണമെന്നത് മെഡിക്കൽബോർഡിന്റെ തീരുമാനമാണ്. ഇതിൽ രാഷ്ട്രീയമില്ലെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. കേന്ദ്രപാക്കേജ്‌ ‌ പ്രഖ്യാപനം മാത്രം കേന്ദ്രസർക്കാർ പാക്കേജുകൾ വെറും പ്രഖ്യാപനം മാത്രമാണ്‌.  സാധാരണക്കാരന്റെ കൈകളിലേക്ക് പണം എത്തുന്നില്ല. സാധാരണക്കാർക്ക് നേരിട്ട് ഗുണകരമാകുന്ന പദ്ധതികൾ കേന്ദ്രം പ്രഖ്യാപിക്കണം. നിലവിലെ സാഹചര്യത്തിൽ കേരളത്തിന്  കേന്ദ്രത്തിന്റെ അടിയന്തര സഹായവും ഇടപെടലും  അനിവാര്യമാണ്. കഴിഞ്ഞ അഞ്ചുവർഷം ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ വിപുലമാക്കി പ്രഖ്യാപിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്ര പാക്കേജുകൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് യോജിച്ചതല്ല. മൂന്നുമാസം 7500 രൂപവീതം തൊഴിലാളികൾക്ക് നൽകുക, തൊഴിലുറപ്പ് പദ്ധതിദിനവും കൂലിയും വർധിപ്പിക്കുക,  കാർഷിക കടം എഴുതിത്തള്ളുക തുടങ്ങിയ നിർദേശങ്ങളൊന്നും പരിഗണിച്ചില്ല. അഞ്ചുകിലോ അരിയും ഒരു കിലോ ചെറുപയറും ലഭിച്ചാൽ പട്ടിണിമാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News