ജമാഅത്തെ ഇസ്ലാമി : പഴയ നിലപാടിൽ യുഡിഎഫ്‌ ഉറച്ചുനിൽക്കുന്നുണ്ടോ: എ വിജയരാഘവൻ



ജമാഅത്തെ ഇസ്ലാമി ഭരണഘടനയെ മാനിക്കാത്ത മതതീവ്രവാദ സംഘടനയാണെന്ന്‌ ഉമ്മൻചാണ്ടി സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്‌‌മൂലത്തിലെ നിലപാടിൽ ഇപ്പോൾ യുഡിഎഫും കോൺഗ്രസും മുസ്ലിംലീഗും ഉറച്ചുനിൽക്കുന്നുണ്ടോയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ.  ഇക്കാര്യം കേരളത്തിലെ ജനങ്ങളോട്‌ വ്യക്തമാക്കാനുള്ള ബാധ്യത അവർക്കുണ്ട്‌. ഈ കാലത്തിനിടയ്‌ക്ക്‌ ജമാഅത്തെ ഇസ്ലാമിക്കുണ്ടായ മാറ്റമെന്തെന്ന്‌ യുഡിഎഫ്‌ നേതൃത്വം വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യഥാർഥത്തിൽ ബിജെപിക്ക്‌ കരുത്തു പകരുന്ന നിലപാടാണ്‌ യുഡിഎഫ്‌ സ്വീകരിക്കുന്നത്‌. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി സി എം രവീന്ദ്രന്റെ അസുഖകാര്യത്തിൽ ഡോക്ടർമാരാണ്‌ തീരുമാനമെടുക്കേണ്ടതെന്നും ഇഡിയെ ഭയക്കേണ്ട കാര്യം ഒരു കമ്യൂണിസ്റ്റുകാരനില്ലെന്നും വിജയരാഘവൻ ചോദ്യത്തിന്‌ മറുപടി നൽകി.  സദുദ്ദേശ്യപരമായാണ്‌ മുഖ്യമന്ത്രി കേന്ദ്രഏജൻസികളെ ക്ഷണിച്ചതെങ്കിലും അവ ഇപ്പോൾ ദുരുദ്ദേശ്യപരമായാണ്‌  പ്രവർത്തിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.   പ്രചാരണ നേതൃത്വം മുഖ്യമന്ത്രിക്ക്‌ എൽഡിഎഫ് പ്രചാരണത്തിന്‌ നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണെന്ന്‌ എ വിജയരാഘവൻ പറഞ്ഞു‌. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്‌.   ‌സംസ്ഥാന സർക്കാരിന്റെ പ്രവർത്തനമികവാണ്‌ ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഏറ്റവും വലിയ കരുത്ത്‌. എൽഡിഎഫ്‌ പ്രവർത്തകർ ഓരോ വീട്ടിലും ചെന്ന്‌ വിശദീകരിക്കുന്നത്‌ സർക്കാരിന്റെ  നേട്ടങ്ങളാണ്‌. ആ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ മുഖ്യമന്ത്രിയാണെന്നതിനാൽ പ്രചാരണത്തിലും നിറഞ്ഞുനിൽക്കുന്നത്‌ അദ്ദേഹമാണ്‌. സംസ്ഥാനത്തെ 36,000 ബൂത്തുകളിൽ വെബ്‌റാലികളിൽ മുഖ്യമന്ത്രി വോട്ടർമാരോട്‌ സംസാരിച്ചു.  കോവിഡ്‌ മാനദണ്ഡം പാലിക്കേണ്ടതിനാൽ വൻതോതിൽ ജനങ്ങളെ അണിനിരത്തി നേരിട്ട്‌ അഭിസംബോധന ചെയ്യുക അസാധ്യമാണ്‌. എന്നാൽ എൽഡിഎഫിന്റെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ സജീവസാന്നിധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ടിയുമായി ബന്ധമുണ്ടെന്ന്‌ ആവർത്തിച്ച്‌ ഹസ്സൻ വെൽഫെയർ പാർടി ബന്ധത്തെക്കുറിച്ചുള്ള മുൻ നിലപാടിൽ മാറ്റമില്ലെന്ന്‌ യുഡിഎഫ്‌ കൺവീനർ എം എം ഹസ്സൻ. ഇക്കാര്യത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്‌. കൂടുതൽ പ്രതികരിക്കാനില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെൽഫെയർ പാർടിയുമായി സഖ്യമുണ്ടെന്നും യുഡിഎഫിൽ മുല്ലപ്പള്ളി പറയുന്നതല്ല താൻ പറയുന്നതാണ്‌ നയമെന്നുമാണ്‌ കഴിഞ്ഞദിവസം ഹസ്സൻ പ്രതികരിച്ചത്‌. Read on deshabhimani.com

Related News