സീതാർകുണ്ട്‌ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തി



കൊല്ലങ്കോട്> സീതാർകുണ്ട്‌ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വാച്ചർമാരുടെ കണ്ണ് വെട്ടിച്ച് വെള്ളച്ചാട്ടം കാണാൻ പോയ നന്ദിയോട് സ്വദേശി രമേശിനെ(39)യാണ്‌ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. ഇന്ന് പകൽ രണ്ടിനായിരുന്നു അപകടം. രമേശ്‌ ഉൾപ്പെടെ ആറുപേരാണ്‌ വെള്ളച്ചാട്ടം കാണാനെത്തിയത്‌. വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ സമയത്ത് പെട്ടെന്ന് നീരൊഴുക്ക് വർധിക്കുകയായിരുന്നു. രമേശിനൊപ്പം ഒരാൾകൂടി ഉണ്ടായിരുന്നെങ്കിലും വെള്ളം ഉയരുന്നതുകണ്ട്‌ നീന്തി രക്ഷപ്പെട്ടു. വള്ളിയില്‍ തൂങ്ങി വെള്ളത്തിൽനിന്ന രമേശിനെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ വടംകെട്ടി കരയ്‌ക്കെത്തിച്ചു. ചിറ്റൂർ, കൊല്ലങ്കോട്‌ നിലയത്തിലെ ഉദ്യേഗസ്ഥർ രണ്ടര മണിക്കൂർ പരിശ്രമിച്ചാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. സീതാർകുണ്ട്‌ വെള്ളച്ചാട്ടത്തിൽ മുന്നറിയിപ്പ് അവഗണിച്ച് ഇറങ്ങുന്നവർ അപകടത്തിൽപ്പെടുന്നത് പതിവാണ്. നിർദേശങ്ങൾ ലംഘിച്ച് വനത്തിനുള്ളിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. Read on deshabhimani.com

Related News