മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ആലപ്പുഴ > കാറ്റിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ പവർഹൗസ് വാർഡിൽ സിയ മൻസിലിൽ ഉനൈസ് (28) ആണ് മരിച്ചത്. തിങ്കൾ രാവിലെ 11.15ന് ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപമായിരുന്നു അപകടം. ഉനൈസും ഭാര്യ അലീഷ്യയും സ്കൂട്ടറിൽ പോകുമ്പോൾ മഴ കനത്തതിനെ തുടർന്ന് സ്കൂട്ടർ ഒതുക്കി സമീപത്തെ തട്ടുകടയോട് ചേർന്നുനിന്നു. തട്ടുകടയുടെ എതിർവശത്തുള്ള മരം കാറ്റിൽ പൊട്ടിവീണ് ഉനൈസിന് മേൽ പതിക്കുകയായിരുന്നു. മരത്തിനടിയിലായിരുന്ന ഉനൈസിനെ സമീപത്തെ തടിമില്ലിൽനിന്ന് ക്രെയിൻ എത്തിച്ച് മരംഉയർത്തിമാറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഭാര്യ അലീഷ്യയും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിനു മുകളിൽ മരം വീണ് നാൽപ്പത്തിരണ്ടുകാരി മരിച്ചിരുന്നു. Read on deshabhimani.com