ഷാജി എൻ കരുണിനും ഗ്രേസിക്കും അബുദാബി ശക്തി പുരസ്‌കാരം

ഷാജി എൻ കരുൺ, ഗ്രേസി


കണ്ണൂർ> അബുദാബി ശക്തി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്‌. 25,000 രൂപയും പ്രശസ്‌തിഫലകവുമാണ്‌ ശക്തി പുരസ്‌കാരം. ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം അമ്പതിനായിരം രൂപയാണ്‌. 25ന്‌ ചെങ്ങന്നൂർ എൻജിനിയറിങ്‌ കോളേജിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുരസ്‌കാരം വിതരണംചെയ്യുമെന്ന്‌ പുരസ്കാര നിർണയസമിതി ചെയർമാൻ പി കരുണാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.   ഗ്രേസി രചിച്ച ‘ഗ്രേസിയുടെ  കുറുംകഥകൾ’, മഞ്‌ജു വൈഖരിയുടെ ‘ബോധി ധാബ’(കഥ), ശ്രീകാന്ത്‌ താമരശേരിയുടെ ‘കടൽ കടന്ന കറിവേപ്പുകൾ’ (കവിത), ജാനമ്മ കുഞ്ഞുണ്ണിയുടെ ‘പറയാതെ പോയത്‌’(നോവൽ), കാളിദാസ്‌ പുതുമനയുടെ ‘നാടകപഞ്ചകം’, ഗിരീഷ്‌ കളത്തിലിന്റെ ‘ഒച്ചയും കാഴ്‌ചയും’(നാടകം), ദിവാകരൻ വിഷ്‌ണുമംഗലത്തിന്റെ ‘വെള്ള ബലൂൺ’, ഡോ. രതീഷ്‌ കാളിയാടന്റെ ‘കുട്ടിക്കുട ഉഷാറാണ്‌’ (ബാലസാഹിത്യം), മീനമ്പലം സന്തോഷിന്റെ ‘വേദി, ജനകീയ നാടകം, രംഗാനുഭവ പഠനം’, പ്രൊഫ. വി കാർത്തികേയന്റെ ‘ചരിത്രപഠനവും സമൂഹവും’ (വൈജ്ഞാനികസാഹിത്യം) എന്നിവ പുരസ്കാരം നേടി. ശക്തി തായാട്ട്‌ പുരസ്‌കാരം എം കെ ഹരികുമാറിന്റെ ‘അക്ഷരജാലകം’, ആർ വി എം ദിവാകരന്റെ ‘കാത്തുനിൽക്കുന്നൂ പൂക്കാലം’, എരുമേലി പരമേശ്വരൻപിള്ള പുരസ്‌കാരം പി പി ബാലചന്ദ്രന്റെ ‘എ കെ ജിയും ഷേക്‌സ്‌പിയറും’ എന്നിവ നേടി. പി പി അബൂബക്കർ രചിച്ച ‘ദേശാഭിമാനിയുടെ ചരിത്രം’(പഠനം), സീയാർ പ്രസാദിന്റെ ‘ഉപ്പുകൾ’ (കഥാസമാഹാരം) എന്നിവ  പ്രത്യേക പുരസ്‌കാരം നേടി. വാർത്താസമ്മേളനത്തിൽ കൺവീനർ എ കെ മൂസ, സമിതി അംഗങ്ങളായ പ്രഭാവർമ, എടയത്ത്‌ രവി എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News