അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു; ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം ഡോ. എം ആർ രാഘവ വാര്യർക്ക്‌



തിരുവനന്തപുരം> അബുദാബിയിലെ മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തീയറ്റേഴ്‌സിന്റെ  അബുദാബി ശക്തി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അവാർഡ്‌ സമിതി അംഗം കവി പ്രഭാവർമ്മ, തീയറ്റേഴ്‌സ്‌ കൺവീനർ എ കെ മൂസ മാസ്‌റ്റർ എന്നിവർ ചേർന്നാണ്‌ വാർത്താ സമ്മേളനത്തിൽ അവാർഡുകൾ  പ്രഖ്യാപിച്ചത്‌. അബുദാബി ശക്തി തീയറ്റേഴ്‌സ്‌ രൂപീകരിച്ചത്‌ മുതൽ  അതിന്റെ ചെയർമാനായി പ്രവർത്തിച്ച  മുൻ സാംസ്‌കാരിക മന്ത്രി കൂടിയായ ടി കെ രാമകൃഷ്‌ണന്റെ സ്‌മരണയ്‌ക്കായി ഏർപ്പെടുത്തിയ ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം  ചരിത്രകാരൻ ഡോ.  എം ആർ രാഘവവാര്യർക്ക്‌ സമ്മാനിക്കും.  50000 രൂപയും പ്രശസ്‌തി പത്രവുമാണ്‌ പുരസ്‌കാരം.  മികച്ച കഥാ സമാഹാരത്തിനുള്ള പുരസ്‌കാരം രണ്ട്‌ പേർ പങ്കിട്ടു. സി അനൂപിന്റെ ‘ രാച്ചുക്ക്‌’, വി കെ ദീപയുടെ ‘വുമൺ ഈറ്റേഴ്‌സ്‌’  എന്നിവയാണ്‌ നേടിയത്‌. മികച്ച കവിതാ സമാഹാരത്തിനുള്ള പുരസ്‌കാരവും സുധീഷ്‌ കോട്ടേബ്രത്തിന്റെ ‘ചിലന്തി നൃത്തം’, സുറാബിന്റെ ‘ മാവ്‌പൂക്കുംകാലം’ എന്നീ സമാഹാരങ്ങൾക്കാണ്‌.   മികച്ച നോവലിനുള്ള പുരസ്‌കാരത്തിന്‌ രവിവർമ്മ തമ്പുരാന്റെ ‘മുടിപ്പേച്’ അർഹമായി. മികച്ച ബാലസാഹിത്യ കൃതി കെ രേഖയുടൈ ‘ നുണയത്തി’ ആണ്‌. മികച്ച നാടക കൃതിക്കുള്ള പുരസ്‌കാരം  എം രാജീവ്‌ കുമാറിന്റെ ‘ എം രാജീവ്‌ കുമാറിന്റെ നാടകങ്ങൾ’ നേടി. വിജ്‌ഞാന സാഹിത്യത്തിലുള്ള പുരസ്‌കാരം ഡോ. കവിത ബാലകൃഷ്‌ണന്റെ ‘ വായന മനുഷ്യന്റെ കലാചരിത്രം’ , കെ സുധീഷിന്റെ ‘നമ്മളെങ്ങനെ നമ്മളായി’ എന്നീ കൃതികൾ പങ്കിട്ടു. ഇതര സാഹിത്യ വിഭാഗത്തിനായി പ്രെഫ. എരുമേലി പരശേമശ്വരൻ പിള്ളയുടെ സ്‌മരണയ്‌ക്കായി ഏർപ്പെടുത്തിയ ശക്തി ഏരുമേലി പുരസ്‌കാരം ഡോ. ബി വി ശശികുമാറിന്റെ ‘ കുഞ്ഞുണ്ണി ആരുടെ തോന്നലാണ്‌’ എന്ന കൃതിക്കാണ്‌.   ഈ പുരസ്‌കാരങ്ങൾക്കെല്ലാം   25000 രൂപയും പ്രശസ്‌തി പത്രവും ലഭിക്കും. 1987 മുതൽ മലയാളത്തിലെ പ്രഗത്ഭ കൃതികൾക്ക്‌ നൽകി വരുന്നതാണ്‌ അബുദാബി ശക്തി പുരസ്‌കാരം.  36–-ാം പുരസ്‌കാരമാണ്‌ ഇത്തവണത്തേത്‌. പുരസ്‌കാരങ്ങൾ ഡിസംബറിൽ  പ്രൗഢ ഗംഭീരമായ ചടങ്ങിൽ സമ്മാനിക്കുമെന്ന്‌ കവി പ്രഭാവർമ്മ പറഞ്ഞു.  അവാർഡ്‌ നിർണയിക്കുന്നതിൽ ഭാഗവാക്കായ പ്രാഥമിക കമ്മിറ്റിയെയും ഓരോ സാഹിത്യ വിഭാഗത്തിലെയും  ജഡ്‌ജിങ്‌ കമ്മിറ്റിയെയും  അബുദാബി ശക്തി തീയറ്റേഴ്‌സ്‌ കൺവീനർ  എ കെ മുസ മാസ്‌റ്റർ  അഭിനന്ദിച്ചു. മുതിർന്ന നേതാവ്‌ മുൻ എംപി  പി കരുണാകരനാണ്‌ അബുദാബി ശക്തി തീയറ്റേഴ്‌സ്‌  ചെയർമാൻ. Read on deshabhimani.com

Related News