നടിയെ ആക്രമിക്കൽ: രണ്ടാം പ്രതി മാർട്ടിൻ ആൻറണിക്ക് ജാമ്യം
ന്യൂഡൽഹി> നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് ദിലീപും സംഘവും ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണം പൂർത്തിയാകുന്നത് വരെ മാർട്ടിൻ ആൻറണിക്ക് ജാമ്യം അനുവദിക്കരുതെന്ന സർക്കാർ ആവശ്യം തള്ളിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് വർഷമായി മാർട്ടിൻ ജയിലിൽ കഴിയുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ്മാരായ അജയ് രസ്‌തോഗി, എ എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നടി ആക്രമിക്കപെടുമ്പോൾ മാർട്ടിൻ ആണ് എറണാകുളത്തേക്ക് നടിയുടെ കാർ ഓടിച്ചിരുന്നത്. ഒന്നാം പ്രതി പൾസർ സുനിയുമായി അടുപ്പമുള്ള മാർട്ടിനാണ് നടിയുടെ വിവിരങ്ങൾ ചോർത്തി നൽകിയതെന്നുമാണ് പ്രോസിക്യൂഷൻ വാദം. അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആരോപണങ്ങൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ മാർട്ടിന്റെ ജാമ്യ അപേക്ഷയ്ക്ക് പുറത്ത് ഉള്ള വിഷയങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കി. Read on deshabhimani.com