നടിയെ ആക്രമിച്ച കേസ് ; സാക്ഷിവിസ്‌താര രേഖ കൈമാറണം: സുപ്രീംകോടതി
ന്യൂഡൽഹി നടിയെ ആക്രമിച്ച കേസിൽ സാക്ഷിവിസ്‌താരത്തിന്റെ രേഖകൾ കൈമാറാൻ സുപ്രീംകോടതി നിർദേശം. കേസിലെ മുഖ്യപ്രതി എൻ എസ് സുനിലിന്റെ (പൾസർസുനി) ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്‌റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്‌റ്റിൻ ജോർജ് മാസിഹ് എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകർ സാക്ഷിവിസ്‌താരം അനാവശ്യമായി നീട്ടിക്കൊണ്ടുപോകുകയാണെന്ന് സുനിലിന്റെ അഭിഭാഷകർ ആരോപിച്ചു. പ്രോസിക്യൂഷന്റെ 261–-ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ 95 ദിവസമായി എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകർ ക്രോസ്‌വിസ്‌താരം ചെയ്യുകയാണെന്നാണ് അഡ്വ. ശ്രീറാം പറക്കാട്ട് പറഞ്ഞു. സാക്ഷിയെ ഇത്ര ദിവസം ക്രോസ്‌വിസ്‌താരം ചെയ്യേണ്ട കാര്യമെന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. തുടർന്നാണ് ക്രോസ്‌വിസ്‌താര രേഖകൾ രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ ഹാജരാക്കാൻ നിർദേശിച്ചത്. സുനിൽ ഏഴ് വർഷമായി ജയിലിലാണെന്നും വിചാരണ എവിടെവരെ എത്തിയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി ചൊവ്വാഴ്‌ച്ച വാക്കാൽ നിരീക്ഷിച്ചു. സെപ്‌തംബർ 17ന് കേസ് പരിഗണിക്കും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചുള്ള സുനിലിന്റെ ജാമ്യാപേക്ഷ കേരളാഹൈക്കോടതി തള്ളിയിരുന്നു. തുടർച്ചയായി ജാമ്യാപേക്ഷകൾ നൽകുന്നതിന് പിഴയും ചുമത്തി. ഹൈക്കോടതി വിധിക്കെതിരായ സുനിയുടെ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി പിഴ ചുമത്തിയുള്ള ഉത്തരവ് സ്‌റ്റേ ചെയ്‌ത് ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു. Read on deshabhimani.com