നിയമപരമായി തീർപ്പാക്കാവുന്ന മുഴുവൻ പരാതികളും തദ്ദേശ അദാലത്തിലൂടെ പരിഹരിക്കും: മന്ത്രി എം ബി രാജേഷ്



തിരുവനന്തപുരം > തദ്ദേശസ്ഥാപനങ്ങളിലെ തീർപ്പാകാതെ കിടക്കുന്ന അപേക്ഷകളിൽ നിയമപരമായി തീർപ്പാക്കാൻ കഴിയുന്ന മുഴുവൻ പരാതികളും ജില്ലാതല തദ്ദേശ അദാലത്തുകളിലൂടെ പരിഹരിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. ജനങ്ങളുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കാനുള്ള അവസരം കൂടിയാണ് തദ്ദേശ അദാലത്തെന്നും മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ നാലാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്ത് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാര്യക്ഷമമായും സമയബന്ധിതമായും അപേക്ഷകളിൽ തീർപ്പുണ്ടാകണം എന്ന ഉദ്ദേശ്യമാണ് സർക്കാരിനുള്ളത്. അതിനാലാണ് സ്ഥിരം അദാലത്ത് സമിതികൾ രൂപീകരിച്ചത്. ഇതനുസരിച്ച് താലൂക്ക് തലത്തിൽ പത്തു ദിവസവും ജില്ലാതലത്തിൽ പതിനഞ്ച് ദിവസവും സംസ്ഥാനതലത്തിൽ ഒരു മാസവും കൂടുമ്പോൾ അദാലത്ത് സമിതികൾ ചേരുന്നുണ്ട്. ഇതുവഴി ലഭിച്ച എണ്ണായിരത്തോളം പരാതികളിൽ 66 ശതമാനവും തീർപ്പാക്കി. ഇനിയും തീർപ്പാകാത്തവ പരിഹരിക്കാനാണ് ജില്ലാതലത്തിൽ തദ്ദേശ അദാലത്തുകൾ സംഘടിപ്പിക്കുന്നത്. മൂന്നിടങ്ങളിൽ പൂർത്തിയായ അദാലത്തുകളിൽ ലഭിച്ച ആയിരത്തോളം പരാതികളിൽ ഭൂരിഭാഗവും തീർപ്പാക്കി. വ്യക്തിപരമായ പരാതികൾ തീർപ്പാക്കുന്നതോടൊപ്പം ചില പൊതു തീരുമാനങ്ങളും അദാലത്തിൽ കൈക്കൊള്ളും. സർക്കാർ ധനസഹായത്തോടെ വീട് നിർമിച്ചവർക്ക് അത് വിൽക്കാനുള്ള സമയം പത്തുവർഷം എന്നതിൽ നിന്ന് ഏഴുവർഷമാക്കി ചുരുക്കിയ ആനുകൂല്യം എല്ലാവർക്കും ലഭ്യമാക്കി തീരുമാനമെടുത്തു. എറണാകുളം അദാലത്തിൽ ലഭിച്ച പരാതിയെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തി നൂലാമാലകളും സങ്കീർണതകളും ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിന് ചട്ടങ്ങളിൽ വ്യക്തത ഉണ്ടാവണം. നിലവിൽ 106 ഓളം ചട്ടങ്ങളിൽ ഭേദഗതി വേണമെന്ന് കണ്ടെത്തിയിട്ടുണ്ട്. അദാലത്ത് ദിനത്തിൽ നേരിട്ട് ലഭിച്ച പരാതികൾ വൈകാതെ തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലും അദാലത്തിൽ പങ്കെടുത്തു. വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അദാലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി  സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, അർബൻ ഡയറക്ടർ സൂരജ് ഷാജി, വിവിധ തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. തിരുവനന്തപുരം കോർപ്പറേഷൻ തല അദാലത്ത് ആഗസ്ത് 29ന് കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ടിൽ നടക്കും. Read on deshabhimani.com

Related News