ആദം പറന്നുയരുന്നു; സ്വപ്നം കണ്ട ആകാശവും കടന്ന്‌



തൃശൂർ > ആദം പറക്കുകയാണ്, സ്വപ്നം കണ്ട ആകാശവും കടന്ന്. ഓസ്ട്രേലിയൻ ന​ഗരം കേന്ദ്രീകരിച്ച് നാസ നടത്തുന്ന കാലാവസ്ഥാ വ്യതിയാന വിശകലന പദ്ധതിയിൽ ഭാ​ഗമായ ഇന്ത്യയിലെ ആദ്യ ട്രാൻസ്മെൻ പൈലറ്റാണ്‌ ആദം ഹാരി. സിം​ഗിൾ എൻജിൻ എയർക്രാഫ്റ്റ് ഉപയോ​ഗിച്ച് 10,000 അടി ഉയരത്തിൽ നടത്തുന്ന പഠനത്തിൽ ഉഷ്ണതരം​ഗങ്ങളും ഫയർ ലൈറ്റ്‌നിങ്ങുമാണ് പ്രധാനവിഷയം. ഒരുവർഷമാണ് പദ്ധതി കാലാവധി. അഞ്ചുപേരടങ്ങുന്ന എയർക്രാഫ്റ്റ് ഡിസൈനിങ് ടീമിലാണ് ഈ തൃശൂർ സ്വദേശിയും ഇടം നേടിയത്‌. ഓസ്ട്രേലിയ എഡിത്ത് കോവൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് നാസ പദ്ധതി നടപ്പാക്കുന്നത്. ഈ യൂണിവേഴ്സിറ്റിയിലെ  ബാച്ചിലർ ഓഫ് ഏവിയേഷൻ ടെക്നോളജി എയറോനോട്ടിക്സ് വിദ്യാർഥിയാണ് ആ​ദം. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് യോ​ഗ്യതനേടിയത്. ദക്ഷിണാഫ്രിക്കയിൽനിന്ന് നേടിയ സ്വകാര്യ പൈലറ്റ് ലൈസൻസ് ഓസ്ട്രേലിയയിലേക്ക് മാറ്റി.  കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടാൻ ഫ്ലൈറ്റ് ട്രെയിനിങ് പെർത്തിലാണ് പരിശീലിക്കുന്നത്. ആറുമാസത്തോടെ പരിശീലനം പൂർത്തിയാകും. രണ്ട് കമ്പനികൾ ജോലി വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. ജോലിക്കൊപ്പം  എയറോനോട്ടിക്കൽ മേഖലയിൽ ​പിച്ച്ഡി നേടാനാണ് ആദമിന്റെ  ആ​ഗ്രഹം. ഡെൽഫ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് എയറോനോട്ടിക്കൽ എൻജിനിയറിങ്, സസ്‌റ്റൈനബിൾ ഏവിയേഷൻ തുടങ്ങിയ വിഷയങ്ങളിൽ മൈക്രോ ക്രെഡിറ്റ്സും ഹോങ്കോങ് പോളിടെക്നിക് യൂണിവേഴ്സിറ്റിയിൽനിന്ന് എയർലൈൻ ഓപ്പറേഷൻസ് യൂണിറ്റ് ക്രെഡിറ്റ്സും സ്വന്തമാക്കിയിട്ടുണ്ട്. 11-ാം വയസ്സിലാണ്‌ പൈലറ്റാകണമെന്ന ആഗ്രഹം ആദത്തിന്റെ ഉള്ളിൽ മുളപൊട്ടിയത്‌. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ആൺകുട്ടിയാകണമെന്ന ആ​ഗ്രഹം ആദം കുടുംബത്തെ അറിയിച്ചത്. ഇതോടെ കുടുംബത്തിൽ അസ്വസ്ഥതകൾ പ്രകടമായി. എന്നിട്ടും രണ്ട്‌ ആ​ഗ്രഹവും കൈവിട്ടില്ല. പ്ലസ്ടു പഠനത്തിനുശേഷം പൈലറ്റാവാൻ ജോഹന്നാസ് ബർ​ഗിലേക്ക് പറന്നു. സ്വകാര്യ പൈലറ്റ് പരിശീലനം പൂർത്തിയാക്കി. വ്യക്തിത്വം വെളിപ്പെടുത്തിയതോടെ തുടർ പഠനം മുടങ്ങി. ഇതോടെയാണ്‌  സംസ്ഥാനസർക്കാരിന്റെയും ഡെൽറ്റയുടെയും സ്കോളർഷിപ്പോടെയാണ്‌ ദക്ഷിണാഫ്രിക്കയിലും തുടർന്ന് ഓസ്ട്രേലിയലിലും കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസിനുള്ള പരിശീലനം നടത്തുന്നത്‌. Read on deshabhimani.com

Related News