ചരിത്രശേഷിപ്പുകളുടെ സംരക്ഷണത്തിന് നയരൂപീകരണം വേണം: അടൂര്‍
തിരുവനന്തപുരം > കേരളീയ പാരമ്പര്യത്തിന്റെ ചരിത്രശേഷിപ്പുകളായ ചുവർചിത്രങ്ങളുടെ സംരക്ഷണത്തിന് സർക്കാർതലത്തിൽ നയരൂപീകരണവും നിയമനിർമാണവും വേണമെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. നമ്മുടെ ചരിത്രസമ്പത്തായ ഇത്തരം ചിത്രങ്ങൾ വരുംതലമുറയ്ക്കായി ശരിയായ രീതിയിൽ സംരക്ഷിക്കുന്നതിന് വിദഗ്ധരുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥതലത്തിൽ ഇടപെടൽ ഉണ്ടാകണം. ചുവർചിത്രങ്ങളുടെ ചരിത്രപ്രാധാന്യം പൊതുജനങ്ങളെ അറിയിക്കുന്നതിന് ബോധവൽക്കരണശ്രമങ്ങളും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന കേരളീയ ചുവർചിത്രകല - ഇന്നലെ, ഇന്ന്, നാളെ ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ചുവർചിത്ര കലാകാരനുമായ ഡോ. രാജൻ ഖോബ്രാഗഡേ മുഖ്യാതിഥിയായി. വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ഡോ. ജി ശങ്കർ അധ്യക്ഷനായി. ഡോ. വേലായുധൻ നായർ, ചരിത്രകാരൻ ഡോ. എം ജി ശശിഭൂഷൺ, ഡോ. നമ്പിരാജൻ എന്നിവരെ ആദരിച്ചു. വാസ്തുവിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ പി എസ് പ്രിയദർശനൻ, കൺസൾറ്റന്റ് ഫാക്കൽറ്റി ശശി എടവരാട്, ഫാക്കൽറ്റി പി ആർ ദീപ്തി, മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച കേരളീയ - ഭാരതീയ ചുവർചിത്രകലയെ കുറിച്ച് ക്വിസ് മത്സരവും നടക്കും. രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്ക് ക്വിസിൽ പങ്കെടുക്കാം. വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനം വി പി ജോയ് ഉദ്ഘാടനം ചെയ്യും. Read on deshabhimani.com