പ്രതികൂല കാലാവസ്ഥ; ദുരന്തമേഖലയിൽ രക്ഷാദൗത്യം ദുഷ്‌കരം
വയനാട് > വയനാട് മുണ്ടക്കൈയ്യിൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കി കനത്ത മഴയും കാറ്റും. ചൂരൽമലയിലും മുണ്ടക്കൈയ്യിലും ബുധനാഴ്ച ഉച്ചയോടെ മഴ ശക്തമാവുകയായിരുന്നു. കള്ളാടിപ്പുഴയിൽ ജലനിരപ്പുയർന്നതും രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാക്കി. നേരത്തെ രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം ഒരുക്കിയ താത്കാലിക പാലവും മുങ്ങിയിരുന്നു. ഇതോടെ പാലം വഴിയുള്ള രക്ഷാ പ്രവർത്തനം തടസപ്പെട്ടു. ഇത് പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാലത്തിന്റെ നിർമാണപ്രവൃത്തികൾ രാത്രിയിലും തുടരും. എത്രയും വേഗം ഇത് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ചാലിയാർ പുഴയുടെ തീരത്ത് നാളെയും തിരച്ചിൽ നടത്തും. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ മുണ്ടക്കൈയ്യിലേക്ക് എത്തിക്കും. അതേസമയം ദുരന്തസ്ഥലത്ത് ആംബുലൻസുകൾ പരിമിതപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 25 ആംബുലൻസുകൾ മാത്രമേ ഇവിടെ ആവശ്യമുള്ളൂ. Read on deshabhimani.com