അഗ്നിപഥ് പദ്ധതി നിർത്തി വെക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു



തിരുവനന്തപുരം > ഇന്ത്യൻ സേനയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്താൻ കൊണ്ടുവരുന്ന 'അഗ്നിപഥ്' സ്‌കീം നിർത്തിവക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നാലു കൊല്ലത്തേക്കുള്ള ഈ താത്കാലിക നിയമന പദ്ധതിക്കെതിരെ യുവജനങ്ങളുടെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരിക്കുകയാണ്. ദേശീയ സുരക്ഷാ വിദഗ്ധരും സേനയിൽ നിന്ന് വിരമിച്ച പ്രമുഖരും 'അഗ്നിപഥ്' ന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ വിമർശനങ്ങളെ കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ അഭ്യർത്ഥിച്ചു. രാജ്യത്തെ യുവാക്കളുടെ തൊഴിൽ സ്വപ്നമാണ് സൈനിക ഉദ്യോഗം. രാജ്യസുരക്ഷ കാത്തുസൂക്ഷിക്കുകയെന്ന വലിയ കർത്തവ്യമാണ് അവർ നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിൽ സുരക്ഷിതത്വവും വേതനവും വിമുക്തഭട സംവരണവും മറ്റ് ആനുകൂല്യങ്ങളും അവർക്ക് നൽകുകയെന്നത് ഭരണകൂടത്തിന്റെ കടമയാണ്. വളരെ ചുരുങ്ങിയ തൊഴിൽ കാലാവധിയെന്നത് സൈനികോദ്യോഗത്തിന്റെ പ്രൊഫഷണലിസത്തെ ബാധിക്കുമെന്ന്  വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ട്രെയിനിങ് കാലാവധിയിൽ നേടുന്ന വൈദഗ്ധ്യം വലിയ കാലയളവിലേക്കുള്ളതാണ്. നാലുകൊല്ലമെന്ന ചുരുങ്ങിയ കാലാവധി രാജ്യസുരക്ഷയെ തന്നെ ബാധിച്ചേക്കും. ഉന്നതവിദ്യാഭ്യാസത്തിനും മറ്റു തൊഴിൽ നൈപുണ്യം നേടുന്നതിനും ഉപയോഗിക്കേണ്ട കാലയളവുകൂടിയാണ് ഈ നാലുകൊല്ലം. 'അഗ്നിപഥ്' പദ്ധതിയിലെ നാലുവർഷ കാലത്തെ സേവനത്തിനു ശേഷം ഈ യുവാക്കളുടെ തൊഴിൽ ലഭ്യതക്കുള്ള സാധ്യതകളും ചുരുങ്ങും. ഈ വിഷയങ്ങൾക്കൊക്കെ കേന്ദ്രസർക്കാർ തൃപ്തികരമായ മറുപടി നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. അതോടൊപ്പം നിലവിലെ സേനാ റിക്രൂട്മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയ പലരുടെയും ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതുമുണ്ട്. രാജ്യത്ത് നിലവിൽ സ്ഥിരം തൊഴിലവസരങ്ങൾ കുറയുകയും കേന്ദ്രസർക്കാർ സർവീസുകളിൽ നികത്തപ്പെടാത്ത ഒഴിവുകൾ കൂടിവരികയും ചെയ്യുകയാണ്. കണക്കുകൾ പ്രകാരം ഇന്ത്യയിലെ അനുവദിക്കപ്പെട്ട തസ്തികകളിൽ 22.76 ശതമാനം 2018- 19 ൽ ഒഴിഞ്ഞുകിടക്കുകയാണ്. 2020 മാർച്ച് 1 വരെയുള്ള കണക്കുകൾ പ്രകാരം 8,72,243 തസ്തികകൾ കേന്ദ്ര സർക്കാർ വകുപ്പുകളിൽ നികത്താൻ ബാക്കിയുണ്ട്. രാജ്യത്തെ തൊഴിലന്വേഷകരുടെ വികാരം മാനിച്ചും വിദഗ്ധരുയർത്തിയ വിമർശനങ്ങളെ പരിഗണിച്ചും 'അഗ്നിപഥ്' നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News