കാർഷികോത്സവത്തിന് കളമശേരി ഒരുങ്ങി



കളമശേരി കളമശേരി നിയമസഭാ മണ്ഡലത്തിൽ സമഗ്ര കാർഷിക വികസനത്തിനായി വ്യവസായമന്ത്രി പി രാജീവ് ആവിഷ്കരിച്ച "കൃഷിക്കൊപ്പം കളമശേരി'യുടെ ഭാഗമായി  സെപ്തംബർ ഏഴുമുതൽ 13 വരെ നടക്കുന്ന കാർഷികോത്സവത്തിന് കളമശേരി ഒരുങ്ങി. നോർത്ത് കളമശേരിയിൽ പ്രീമിയർ ജങ്ഷനിലെ ചാക്കോളാസ് പവിലിയനിൽ ഒരുക്കിയ വേദിയിൽ വിപുലമായ ഒരുക്കങ്ങളാണ് കാർഷികോത്സവത്തിനായി നടത്തുന്നത്.  മണ്ഡലത്തിലാകെ, പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന 20 അനുബന്ധ സെമിനാറുകളും കാർഷികസംഗമങ്ങളിൽ മൂന്നെണ്ണവും നടന്നുകഴിഞ്ഞതായി വ്യവസായമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തട്ടാമ്പടിയിൽ നെൽക്കർഷക സംഗമവും ആലങ്ങാട്ട് കരിമ്പ് കർഷകസംഗമവും മാഞ്ഞാലിയിൽ കൂവ കർഷകസംഗമവുമാണ് നടത്തിയത്. തുടർന്ന് മന്ത്രിമാരായ പി രാജീവ്, പി പ്രസാദ്, വി എൻ വാസവൻ, കെ കൃഷ്ണൻകുട്ടി, ജെ ചിഞ്ചുറാണി, വി ശിവൻകുട്ടി, സജി ചെറിയാൻ, എം ബി  രാജേഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ,  കലക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ വിവിധ കാർഷിക സംഗമങ്ങൾ ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഉൽപ്പാദിപ്പിച്ച കാർഷികോൽപ്പന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനും നാട്ടുചന്ത, ഭക്ഷ്യമേള, സെമിനാറുകൾ, കാർഷിക കലാമേള എന്നിവ കാർഷികോൽസവത്തിൽ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. വിവിധ സ്റ്റാളുകൾ മേളയിലുണ്ടാകും. തിരുവനന്തപുരം ഓർഗാനിക് തിയറ്ററിന്റെ നേതൃത്വത്തിലുള്ള "കടമ്പൻ മൂത്താൻ' കലാസംഘം 31 മുതൽ മണ്ഡലത്തിൽ പര്യടനം നടത്തും. വാർത്താസമ്മേളനത്തിൽ കാർഷികോത്സവം സംഘാടകസമിതി ചെയർമാൻ വി എം ശശി, ജനറൽ കൺവീനർ എം പി വിജയൻ എന്നിവരും പങ്കെടുത്തു.   ഇന്നത്തെ സെമിനാർ നീറിക്കോട് എം വി ആ​ന്റണി സ്മാരക ഹാളിൽ പകൽ രണ്ടിന് യുവകർഷകസംഗമം കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. സെമിനാറില്‍ "സുസ്ഥിര വരുമാനത്തിന് ആധുനിക കൃഷിരീതികൾ' വിഷയം കൃഷിവകുപ്പ് അസി. ഡയറക്ടർ ബിജുമോൻ സക്കറിയ അവതരിപ്പിക്കും. Read on deshabhimani.com

Related News