കാര്‍ഷികോൽപ്പന്ന കയറ്റുമതി ; കേരളം നേടിയത് 4523 കോടി , മുന്നിൽ കശുവണ്ടി
കൊച്ചി കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം വൻവർധന. 4523.48 കോടി രൂപയാണ് ഇതിലൂടെ സംസ്ഥാനത്തേക്ക് എത്തിയത്. 6.77 ലക്ഷം ടൺ കാർഷികോൽപ്പന്നം കയറ്റുമതി ചെയ്തു. മുൻവർഷം ഇത് 3.78 ലക്ഷമായിരുന്നു. 3860.30 കോടി രൂപയായിരുന്നു നേട്ടം. കശുവണ്ടിയാണ് കയറ്റുമതിയിൽ മുന്നിൽ. 1208.18 കോടി രൂപയുടെ 21,351.92 ടൺ വിവിധ രാജ്യങ്ങളിലേക്ക് അയച്ചു. ബസുമതി ഒഴികെയുള്ള അരിയാണ് രണ്ടാംസ്ഥാനത്ത്. 456.49 കോടി രൂപ മൂല്യംവരുന്ന 82,181.79 ടൺ കയറ്റുമതി ചെയ്തു. സംസ്കരിച്ച പഴം, പച്ചക്കറി, പഴച്ചാർ, ഡെയറി ഉൽപ്പന്നം, ധാന്യം, അരിപ്പൊടി തുടങ്ങിയവയും മികച്ച കയറ്റുമതി നേടി. കൊച്ചി തുറമുഖംവഴിയാണ് ഏറ്റവുമധികം കയറ്റുമതി നടന്നത്. വിവിധ വിമാനത്താവളങ്ങൾ വഴിയാണ് ബാക്കി. യുഎഇയിലേക്കാണ് കൂടുതൽ. 1463.01 കോടി രൂപയുടെ 232,084.35 ടൺ ഉൽപ്പന്നം അയച്ചു. അമേരിക്ക രണ്ടാംസ്ഥാനത്തുണ്ട്. 491.33 കോടി രൂപയുടെ 16,715.11 ടൺ. വ്യാപാരക്കമ്മിയിൽ 9.33 ശതമാനം വർധന ഇന്ത്യയുടെ ഉൽപ്പന്ന ഇറക്കുമതി ജൂണിൽ 4.9 ശതമാനം വർധിച്ച് 4.69 ലക്ഷംകോടി രൂപയായതോടെ വ്യാപാരക്കമ്മി ഉയർന്നു. 1.75ലക്ഷം കോടി രൂപയായാണ് വർധിച്ചത്. 2023 ജൂണിനെ അപേക്ഷിച്ച് 9.33 ശതമാനമാണ് വർധന. ജൂണിൽ ഉൽപ്പന്ന കയറ്റുമതിയിലൂടെ 2.94ലക്ഷം കോടി രൂപ മാത്രമാണ് രാജ്യത്തിന് വരുമാനം. പയർവർഗങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വെള്ളി തുടങ്ങിയവയുടെ ഇറക്കുമതിയാണ് പ്രധാനമായും വ്യാപാരക്കമ്മി വർധിപ്പിച്ചതെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം പറയുന്നു. സേവന കയറ്റുമതി–ഇറക്കുമതി കണക്കിൽ ആകെ കയറ്റുമതി ജൂണിൽ 5.47 ലക്ഷം കോടി രൂപയും ഇറക്കുമതി 6.13 ലക്ഷം കോടി രൂപയുമാണ്. ഇതുപ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 14.28 ശതമാനമാണ് കഴിഞ്ഞമാസത്തെ ആകെ വ്യാപാര കമ്മി വർധന. Read on deshabhimani.com