എഐ കാമറ : അൽഹിന്ദിന് സർക്കാർ 
നൽകിയ മറുപടി പുറത്ത്‌ ; പ്രതിപക്ഷത്തിന്റെ മറ്റൊരു നുണകൂടി പൊളിഞ്ഞു



തിരുവനന്തപുരം എഐ ക്യാമറ സംബന്ധിച്ച്‌ ഉപകരാർ നൽകിയ അൽഹിന്ദ് കമ്പനിയുടെ പരാതിയിൽ  വ്യവസായവകുപ്പ് അന്വേഷണം നടത്തി മറുപടി നൽകിയതായി രേഖ. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അൽഹിന്ദിന് 2021 ഡിസംബർ രണ്ടിന് അയച്ച മറുപടിക്കത്ത് ഞായറാഴ്ച പുറത്തുവന്നു. ഇതോടെ  അൽഹിന്ദിന്റെ കത്തിൽ സർക്കാർ നടപടിയെടുത്തില്ലെന്ന പ്രതിപക്ഷത്തിന്റെ വാദം പൊളിഞ്ഞു. 2021 ഒക്ടോബർ 23നാണ് അൽഹിന്ദ് സർക്കാരിന് കത്തയച്ചത്.  സുരക്ഷാനിക്ഷേപമായി എസ്ആർഐടിക്ക് നൽകിയ മൂന്നു കോടി രൂപ തിരിച്ചു നൽകാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്‌. പരാതി ലഭിച്ചയുടൻ വകുപ്പ് സെക്രട്ടറിയുടെ നിർദേശപ്രകാരം കെൽട്രോണിനോട് വിശദീകരണം തേടി. അൽഹിന്ദ് കെൽട്രോണുമായി നേരിട്ട് കരാറിൽ ഏര്‍പ്പെട്ടിട്ടില്ലെന്നും എസ്ആർഐടിയുമായി മാത്രമാണ്   കരാറെന്നുമായിരുന്നു കെൽട്രോണിന്റെ മറുപടി. കെൽട്രോൺ എസ്ആർഐടിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം പദ്ധതി വിജയകരമായി പൂർത്തിയാക്കി അഞ്ചു വർഷം കഴിഞ്ഞേ തുക കൊടുക്കാൻ കഴിയൂ. ഈ തുക തിരിച്ചു നൽകുന്നതും എസ്ആർഐടിക്കാണ്. എസ്‌ആർഐടി കരാർ നൽകിയ കമ്പനികളുമായുളള തർക്കം അവർതന്നെ തീർക്കേണ്ടതാണെന്നും കെൽട്രോൺ അറിയിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ സെക്രട്ടറി അൽഹിന്ദിന് മറുപടി നൽകിയത്. മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തിയോ മറ്റേതെങ്കിലും പ്രശ്നം ചൂണ്ടിക്കാട്ടിയോ അൽഹിന്ദ് പിന്നീട് സർക്കാരിനെ സമീപിച്ചിട്ടില്ല. എഐ കാമറ ഇടപാട്‌ അഴിമതിയെന്ന്‌ സ്ഥാപിക്കാൻ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും സംഘവും ഉന്നയിക്കുന്ന ആരോപണങ്ങൾ ഓരോന്നായി പൊളിയുകയാണ്. വി ഡി സതീശൻ ശനിയാഴ്‌ച പദ്ധതി നിർദേശത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തുവിട്ടത്. രണ്ടാം ഭാഗം മറച്ചുവച്ച്‌ ആദ്യഭാഗത്തെ ചെലവ്‌ മൊത്തം ചെലവായി അവതരിപ്പിക്കുകയായിരുന്നു.   Read on deshabhimani.com

Related News