കേരളത്തിന്റെ ആരോഗ്യനിലവാരം കൂടിയത് എയിംസിന് തടസ്സമെന്ന്



ന്യൂഡൽഹി കേരളത്തിന്റെ ആരോഗ്യ നിലവാരം മികച്ചതായതിനാലാണ് എയിംസ്‌ പട്ടികയിൽ ഇതുവരെ പരിഗണന ലഭിക്കാത്തതെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ പി നദ്ദ. ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ കൂടിക്കാഴ്‌ചയിലാണ് നദ്ദയുടെ പ്രതികരണം. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് നൽകുന്നത് അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കോഴിക്കോട് കിനാലൂരിൽ ഭൂമിയടക്കം ഏറ്റടുത്തതിനാൽ ഇത്തവണയെങ്കിലും എയിംസ് പ്രതീക്ഷിക്കുന്നതായി വീണാ ജോര്‍ജ്ജ്, നദ്ദയെ അറിയിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായ കേന്ദ്ര വിഹിതം ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം നടപ്പിലാക്കിയതിൽ സാമ്പത്തികബാധ്യത ഉണ്ടെങ്കിൽ പ്രത്യേകം പരിശോധിച്ച് നടപടിയെടുക്കാൻ കേന്ദ്രമന്ത്രി ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. ബിപിഎൽ വിഭാഗക്കാരെ മുഴുവനും ആരോഗ്യ ഇൻഷുറൻസിൽ  ഉൾപ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. നിലവിൽ 23 ലക്ഷം ആളുകളാണ് കേന്ദ്രപട്ടികയിലുള്ളത്. എന്നാൽ, ഇതിന്റെ ഇരട്ടി വരും പട്ടിക. ഇതും പരിഗണിക്കാമെന്ന് നദ്ദ ഉറപ്പുനൽകി. ആശാ വർക്കർമാരുടെ വേതന വർധനവ് കേന്ദ്രത്തിന്റെ സജീവ പരിഗണനയിലുണെന്നും നദ്ദ അറിയിച്ചു. Read on deshabhimani.com

Related News