പറന്നിറങ്ങി എയർഫോഴ്‌സ്‌; പരിക്കേറ്റവരെ എയർലിഫ്‌റ്റ്‌ ചെയ്തു



മേപ്പാടി > വയനാട്‌ മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ പരിക്കേറ്റവരെ എയർ ലിഫ്‌റ്റ്‌ ചെയ്ത്‌ സൈന്യം. ദുഷ്‌കരമായ സാഹചര്യത്തിൽ പറന്നിറങ്ങിയാണ്‌  ഇന്ത്യൻ എയർഫോഴ്‌സ്‌ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. ഒരു ഹെലികോപ്റ്റർ കൂടി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി സ്ഥലത്തെത്തും. ദുരന്തമുഖത്തേക്ക് ഹെലികോപ്റ്ററുകൾ നേരത്തെ തന്നെ തിരിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ കോഴിക്കോട് നിർത്തിയിടുകയായിരുന്നു. എയർഫോഴ്സിന്റെ ZD4134 രജിസ്ട്രേഷൻ നമ്പറുള്ള വിമാനമാണ് ദുരന്തമുഖത്തെത്തിയത്. 5000 കിലോഗ്രാമിലധികം ഭാരമുള്ള ഹെലികോപ്റ്ററാണിത്. ഹെലികോപ്റ്റർ വഴിയും വടം കെട്ടിയും താൽക്കാലിക പാലത്തിലൂടെയുമുള്ള രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. ചുരൾമല പാലത്തിന്‌ സമീപം താൽക്കാലിക പാലം സ്ഥാപിച്ചത് രക്ഷാ പ്രവർത്തനം വേഗത്തിലാക്കിയിട്ടുണ്ട്. ഈ പാലത്തിലൂടെ മുണ്ടക്കൈ ഭാഗത്തുള്ളവരെ പുറത്തേക്കെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക്‌ സാധിക്കും. പാലം തകർന്നതിനാൽ രാവിലെ റോപ്‌ വഴിയായിരുന്നു രക്ഷാ പ്രവർത്തകർ ദുരന്തമുഖത്ത്‌ എത്തിയിരുന്നത്‌. നേരത്തെ നേവിയുടെ റിവർ ക്രോസിംഗ് ടീം ഐഎൻഎസ് സമോറിൻ വയനാട്ടിലേക്ക് തിരിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. അധികം വൈകാതെ റിവർ ക്രോസിംഗ്‌ ടീം എത്തിച്ചേരുമെന്നും ആർമിയുടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്ഥലം സന്ദർശിച്ചതായും മന്ത്രി അറിയിച്ചിട്ടുണ്ട്‌. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സേവനവും ആവശ്യം വന്നാൽ ലഭ്യമാവുമെന്നും ഡിഎസ്‌സിയുടെ 89 പേരടങ്ങുന്ന ടീം സ്ഥലത്ത് എത്താറായെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്‌ബുക്കിലൂടെയായിരുന്നു മന്ത്രി വിവരം അറിയിച്ചത്‌. Read on deshabhimani.com

Related News