വിദ്യാധരന്‍ മാസ്റ്റര്‍ക്കും വേണുജിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം



 തിരുവനന്തപുരം> ഈ വര്‍ഷത്തെ വയോസേവന അവാര്‍ഡുകള്‍  ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രിയ സംഗീതജ്ഞന്‍  വിദ്യാധരന്‍ മാസ്റ്ററേയും കൂടിയാട്ടത്തെ വിശ്വകലാ അംഗീകാരത്തിലേക്കുയര്‍ത്താന്‍ മുന്‍നിന്ന് പ്രവര്‍ത്തിച്ച വേണുജിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരത്തുക.   കായിക മേഖലയിലെ മികവിന്  എം ജെ ജേക്കബ് (എറണാകുളം), കെ വാസന്തി (ആലപ്പുഴ), എന്നിവര്‍ക്ക് പുരസ്‌ക്കാരം നല്‍കും. കാല്‍ ലക്ഷം രൂപ വീതമാണീ പുരസ്‌കാരങ്ങള്‍. മുന്‍ നിയമസഭാംഗം കൂടിയാണ് അന്താരാഷ്ട്ര തലത്തില്‍ പുരസ്‌കൃതനായിട്ടുള്ള എം ജെ ജേക്കബ്. കല-സാഹിത്യം എന്നീ മേഖലയില്‍  കെ കെ വാസു (തിരുവനന്തപുരം), കെ എല്‍ രാമചന്ദ്രന്‍ (പാലക്കാട്) എന്നിവരെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം മലപ്പുറം ജില്ല നേടി. മികച്ച കോര്‍പ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌ക്കാരം തിരുവനന്തപുരം കോര്‍പ്പറേഷനാണ്. കൊയിലാണ്ടി ആണ് മികച്ച മുനിസിപ്പാലിറ്റി. ഒരു ലക്ഷം രൂപ പുരസ്‌കാരം.  വൈക്കം, കല്യാശ്ശേരി എന്നിവ മികച്ച  ബ്ലോക്ക് പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം), പിലിക്കോട് (കാസറഗോഡ്), കതിരൂര്‍ (കണ്ണൂര്‍)  എന്നിവയെ മികച്ച പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം) തിരഞ്ഞെടുത്തു. മികച്ച എന്‍ജിഒക്കുള്ള പുരസ്‌ക്കാരം തിരുവനന്തപുരം  ജില്ലയിലെ 'സത്യാന്വേഷണ' ചാരിറ്റബിള്‍ ട്രസ്റ്റും, മെയിന്റനന്‍സ് ട്രിബ്യൂണലിനുള്ള പുരസ്‌കാരം ദേവികുളം മെയിന്റനന്‍സ് ട്രിബ്യൂണലും നേടി. അര ലക്ഷം രൂപ വീതമാണ് പുരസ്‌കാരങ്ങള്‍. പുളിക്കല്‍ പറമ്പിലെയും (പാലക്കാട്) വേങ്ങരയിലെയും (മലപ്പുറം) സായംപ്രഭാ ഹോമുകള്‍ക്കാണ് ആ മേഖലയിലെ മികവിന് പുരസ്‌കാരം. കാല്‍ ലക്ഷം രൂപ വീതമാണ് സമ്മാനം.   വയോജനമേഖലയില്‍ ശ്ലാഘനീയമായി സേവനം കാഴ്ചവെച്ചിട്ടുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും, വിവിധ സര്‍ക്കാര്‍ -സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും കലാകായിക സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള വയോസേവന അവാര്‍ഡുകളാണ് മന്ത്രി ഡോ. ആര്‍ ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം 11 വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌ക്കാരം - മന്ത്രി ഡോ ആര്‍.ബിന്ദു അറിയിച്ചു. ഒക്ടോബര്‍ ഒന്നിന് വയോജന ദിനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എച്ച് ദിനേശന്‍, വയോജന കൗണ്‍സില്‍ കണ്‍വീനര്‍ അമരവിള രാമകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വിദ്യാധരന്‍ മാസ്റ്റര്‍ കല്‍പ്പാന്തകാലത്തോളം കാതരേ നീയെന്മുന്നില്‍ കല്‍ഹാരഹാരവുമായി എന്നു തുടങ്ങുന്ന ജനപ്രിയ ഗാനത്തിലൂടെ മലയാള മനം കവര്‍ന്ന സംഗീതസംവിധായകനാണ് വിദ്യാധരന്‍ മാസ്റ്റര്‍. തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ എന്ന പ്രദേശത്ത് മംഗളാലയത്തില്‍ ശങ്കരന്‍, തങ്കമ്മ എന്നിവരുടെ ഏഴു മക്കളില്‍  മൂത്തവനായി ജനിച്ചു. ചെറുപ്പത്തില്‍തന്നെ സംഗീതം പഠിക്കാന്‍ ആരംഭിച്ചു. സംഗീതസംവിധായകനാകുന്നത് ബലിയാടുകള്‍ എന്ന നാടകത്തില്‍ മോഹങ്ങള്‍ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി എന്ന ഗാനത്തോടെയാണ്. 1984ല്‍ ശ്രീമൂലനഗരം വിജയന്റെ എന്റെ ഗ്രാമം എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി. രണ്ടാമത്തെ ചലച്ചിത്രം ജേസി സംവിധാനം ചെയ്ത ആഗമനം എന്ന ചിത്രമായിരുന്നു. സംവിധായകന്‍ അമ്പിളിയുടെ ആദ്യ ചിത്രമായ വീണപൂവ് എന്ന ചിത്രത്തിലെ പാട്ടുകളും വിദ്യധരന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ്. അച്ചുവേട്ടന്റെ വീട് എന്ന ചിത്രത്തിലെ ചന്ദനം മണക്കുന്ന, കാണാന്‍ കൊതിച്ചു എന്ന ചിത്രത്തിലെ സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം എന്നീ ഗാനങ്ങള്‍ സംഗീതം നിര്‍വ്വഹിച്ചവയില്‍ മികച്ചവയാണ്. എന്റെ ഗ്രാമം, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങളായി വേഷമിട്ടിട്ടുണ്ട്.   വേണുജി കൂടിയാട്ടം പണ്ഡിതനും അധ്യാപകനും അവതാരകനുമാണ് ജി. വേണു (വേണുജി). കൂടിയാട്ടം എന്ന കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വേണുജി, നടനകൈരളി എന്ന ലോകോത്തര സ്ഥാപനത്തിന്റെ സ്ഥാപകനാണ്.  നവരസ സാധന എന്ന അഭിനയ പരിശീലന പദ്ധതിയിലൂടെ നൂറിലേറെ ശില്പശാലകള്‍ നയിച്ച്, ആയിരത്തഞ്ഞൂറോളം നര്‍ത്തകര്‍ക്കും നടീനടന്മാര്‍ക്കും അഭിനയപരിശീലനം നല്‍കിയത് പരിശീലകനെന്ന നിലയ്ക്കുള്ള വേണുജിയുടെ വലിയൊരു ഉദ്യമമായിരുന്നു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ (ദല്‍ഹി), ഇന്റര്‍ കള്‍ച്ചറല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  (സിംഗപ്പൂര്‍) എന്നിവിടങ്ങളില്‍ ഒന്നര പതിറ്റാണ്ടോളം വിസിറ്റിങ് ഫാക്കല്‍റ്റി ആയിരുന്നു.   Read on deshabhimani.com

Related News