അക്കിത്തത്തിന്‌ സാംസ്‌കാരിക വകുപ്പിന്റെ അഭിനന്ദനം



പാലക്കാട്‌ > ജ്ഞാനപീഠം നേടിയ അക്കിത്തം അച്ച്യുതന്‍ നമ്പൂതിരിക്ക് സാംസ്‌കാരിക വകുപ്പിന്‍റെ അഭിനന്ദനം അറിയിക്കുന്നതായി മന്ത്രി എ കെ ബാലൻ. മാനവികതയിലൂന്നിയ ആത്മീതയും ദാര്‍ശനികതയും അക്കിത്തത്തിന്‍റെ കവിതകളിലെ മുഖമുദ്രയായിരുന്നു. സ്നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമെന്ന് തന്‍റെ കവിതകളിലൂടെ അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. മനുഷ്യരാശിയുടെ വ്യഥകളെ കുറിച്ച് എന്നും അദ്ദേഹം ആകുലപ്പെട്ടിരുന്നു. സര്‍ഗ്ഗാത്മകമായ പ്രതിഭയും ജീവിത അനുഭവങ്ങളും നല്‍കിയ ദാര്‍ശനികതയായിരുന്നു മലയാള കവിതാ ലോകത്തെ കുലപതിയാക്കി അക്കിത്തത്തെ മാറ്റിയത്. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നീ മേഖലകളിലായി 46 ഓളം കൃതികളിലായാണ് അദ്ദേഹത്തിന്‍റെ സര്‍ഗ്ഗാത്മകമായ ദാര്‍ശനവും ആത്മീയതയും സ്നേഹവും കുടികൊള്ളുന്നത്. മലയാള കവിതയിലെ സാത്വിക തേജസ്സായ അക്കിത്തം അച്ച്യുതന്‍ നമ്പൂതിരിയിലൂടെ വീണ്ടും മലയാളം ആദരിക്കപ്പെടുകയാണ്. ആറാമത്തെ ജ്ഞാനപീഠ പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. ജി ശങ്കരക്കുറുപ്പ്, തകഴി ശിവശങ്കരപ്പിള്ള, എസ് കെ പൊറ്റക്കാട്, എം ടി വാസുദേവന്‍ നായര്‍, ഒ എന്‍ വി കുറുപ്പ്, ആ നിരയിലേക്ക് അക്കിത്തവും എത്തിയിരിക്കുന്നു. കേന്ദ്ര-സംസ്ഥാന അക്കാദമി പുരസ്കാരങ്ങള്‍, എഴുത്തച്ഛന്‍ പുരസ്കാരം, മുതലായ പുരസ്കാരങ്ങളെല്ലാം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഈ സര്‍ക്കാര്‍ പത്മശ്രീക്ക് അദ്ദേഹത്തിന്‍റെ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് 2017 ല്‍ പത്മശ്രീയും ലഭിച്ചിരുന്നു. ജ്ഞാനപീഠ പുരസ്കാരത്തിലൂടെ വീണ്ടും മലയാളത്തിന്‍റെ യശസ്സുയര്‍ത്തിയ മഹാകവിയെ ആദരവോടെ നമിക്കുന്നു. ആശംസകള്‍ നേരുന്നു ‐ മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News