സങ്കടച്ചുഴിയിലും ദിൽബർ ഒന്നാമത്
കൽപ്പറ്റ > ബെയ്‌ലി പാലത്തെക്കുറിച്ചുള്ള ആദ്യ ചോദ്യം കേട്ടപ്പോൾ, ഉരുളെടുത്ത വെള്ളാർമല ജിവിഎച്ച്എസ്എസ് ഏഴാം ക്ലാസുകാരൻ ദിൽബർ ദാനി ഹസന് ഓർമകളുടെ മലവെള്ളപ്പാച്ചിൽ. ദുരന്തമുഖത്തെ നിരവധി ഉത്തരമില്ലാത്ത ചോദ്യങ്ങളാൽ മനസ് പിടഞ്ഞെങ്കിലും അക്ഷരമുറ്റം ചോദ്യങ്ങളെ കരുത്തോടെ നേരിട്ടു. ദേശാഭിമാനി അക്ഷരമുറ്റം വൈത്തിരി ഉപജില്ലാ മത്സര(യുപി വിഭാഗം)ത്തിൽ ഒന്നാമതെത്തി. എൽകെജി മുതൽ ഏഴാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച ഉറ്റ ചങ്ങാതിമാർ മൂന്നുപേരും മുണ്ടക്കൈയിലെ അടുത്ത ബന്ധുക്കളായ ഏഴുപേരും ഉരുൾപൊട്ടലിൽ ഓർമയായി. ബന്ധുക്കളിൽ രണ്ടുപേരുടെ മൃതദേഹം പോലും കിട്ടിയിട്ടില്ല. ആ ഓർമകളുമായാണ് ദിൽബർ ദാനി ഹസൻ മത്സരത്തിനെത്തിയത്. ചൂരൽമല സ്‌കൂൾ റോഡിലെ വീട്ടിൽനിന്ന് രണ്ട് മാസം മുമ്പാണ് മേപ്പാടിയിലേക്ക് താമസം മാറിയത്. കഴിഞ്ഞവർഷം അക്ഷരമുറ്റം മത്സരത്തിൽ സംസ്ഥാനതലത്തിലും പങ്കെടുത്തിരുന്നു. വെള്ളാർമല സ്‌കൂൾ അധ്യാപിക കെ ശബ്നയുടെയും സാദിഖ് അലിയുടെയും മകനാണ്. Read on deshabhimani.com