നാടിനെ നടുക്കി അപകടം: മരിച്ചത് മെഡിക്കൽ വിദ്യാർഥികൾ
ആലപ്പുഴ > ആലപ്പുഴ കളർകോടുണ്ടായ അപകടത്തിൽ മരിച്ചവരെല്ലാം മെഡിക്കൽ വിദ്യാർഥികൾ. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് ദുരന്തത്തിൽപ്പെട്ടത്. രാത്രി 9.30 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കായംകുളം രജിസ്ട്രേഷനിലുള്ളതാണ് കാർ. കാർ അമിതവേഗത്തിലായിരുന്നോ എന്നതിലടക്കം വ്യക്തത വരാനുണ്ട്. കാർ നേരെ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നില്ലെന്നും റോഡിൽ തെന്നി നീങ്ങിയ ശേഷം കാറിന്റെ മധ്യഭാഗം ബസിലേക്ക് ചെന്ന് ഇടിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അരമണിക്കൂറോളമെടുത്താണ് കാർ വെട്ടിപ്പൊളിച്ച് യുവാക്കളെ പുറത്തെടുത്തത്. കാറിന്റെ മധ്യഭാഗത്തായി ഇരുന്നവരാണ് സംഭവസ്ഥല്തതുവച്ചുതന്നെ മരിച്ചത്. നാലു പേർ സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കാറിൽ എത്ര പേരുണ്ടായിരുന്നു എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. ബസിലുണ്ടായിരുന്ന ചില യാത്രക്കാർക്കും നിസാര പരിക്കേറ്റു. പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുകയാണ്. Read on deshabhimani.com