ആലപ്പുഴ മെഡിക്കൽ കോളേജ്: 2 പിജി സീറ്റുകൾക്ക് അനുമതി



തിരുവനന്തപുരം > ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിൽ പുതുതായി രണ്ട് പിജി സീറ്റുകൾക്ക് കേന്ദ്രം അനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ട് എംഡി സൈക്യാട്രി സീറ്റുകൾക്കാണ് നാഷണൽ മെഡിക്കൽ കമീഷൻ അനുമതി നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ സർക്കാർ ആരംഭിച്ച എംഡി സൈക്യാട്രി കോഴ്‌സിന് നേരത്തെ ഒരു സീറ്റ് ലഭിച്ചിരുന്നു. ഇതോടെ എംഡി സൈക്യാട്രിയിൽ 3 സീറ്റുകളായി. സൈക്യാട്രി രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാനും ചികിത്സയ്ക്കും ഗവേഷണത്തിനും ഇതിലൂടെ ഏറെ സഹായകരമാണെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 80 മെഡിക്കൽ പിജി സീറ്റുകൾക്കാണ് അനുമതി ലഭ്യമായത്. കഴിഞ്ഞ വർഷം സെപ്തംബറിൽ മാത്രം 43 മെഡിക്കൽ പിജി സീറ്റുകൾക്കാണ് അനുമതി ലഭ്യമായത്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യ വികസനത്തെ തുടർന്നാണ് സീറ്റുകൾ വർധിപ്പിക്കാനായത്. രണ്ട് മെഡിക്കൽ കോളേജുകളും 15 നഴ്‌സിംഗ് കോളേജുകളും ഈ സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമാക്കി. ദേശീയ തലത്തിൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക് പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജും ദന്തൽ കോളേജും തുടർച്ചയായ രണ്ടാം തവണയും ഇടം നേടി. സർക്കാർ മെഡിക്കൽ കോളേജുകളുടെ റാങ്കിംഗിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് രാജ്യത്ത് തന്നെ ആറാമതെത്താനും ദന്തൽ കോളേജിന് അഞ്ചാമതെത്താനുമായി. പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ ഏക മെഡിക്കൽ കോളേജും ദന്തൽ കോളേജും കൂടിയാണിവ.   Read on deshabhimani.com

Related News