അവഗണനയുടെ വാഗൺ, ആലപ്പുഴയ്‌ക്ക്‌ ട്രാജഡി



 ആലപ്പുഴ > ആലപ്പുഴയിൽനിന്ന്‌ സാധാരണക്കാരന്‌ ട്രെയിനിൽ തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകാൻ നല്ല ബുദ്ധിമുട്ടാണ്‌. രാവിലെ 6.35ന്‌ ഇന്റർസിറ്റി പോയാൽ അടുത്ത ട്രെയിൻ 3.35നുള്ള നേത്രാവതിയാണ്‌. ഇതിനിടെ 12.40ന്‌ വന്ദേഭാരത് ഉണ്ടെങ്കിലും അത്‌ എല്ലാവർക്കും ഉപയോഗപ്പെടില്ല. വൈകിട്ട്‌ 5.50നുള്ള ഏറനാടാണ്‌ അവസാന പകൽവണ്ടി. ഏറെ തിരക്കുള്ള പകൽസമയത്ത്‌ തീരദേശ റെയിൽപ്പാതയിൽ യാത്രക്കാർക്ക്‌ ദുരിതമാണ്‌. കാലാകാലമായി ഇതിന്റെ പേരിലുള്ള പരാതി ഉയരുന്നുണ്ടെങ്കിലും പുല്ലുവില കൽപ്പിച്ച്‌ യാത്രക്കാർക്ക്‌ ‘വാഗൺട്രാജഡി’ നൽകുകയാണ്‌ റെയിൽവേ. സ്‌റ്റേഷനിൽ എറണാകുളം–- ആലപ്പുഴ മെമു -പകൽ മുഴുവൻ വെറുതെ കിടക്കുമ്പോഴാണ്‌ റെയിൽവേയുടെ അവഗണന. ദിവസവും രാവിലെ ആലപ്പുഴയിലെത്തുന്ന എറണാകുളം–--ആലപ്പുഴ മെമുവാണ്‌ വൈകിട്ട്‌ 5.35 വരെ സ്‌റ്റേഷനിൽ സർവീസില്ലാതെ കിടക്കുന്നത്‌. ഇത്‌ കൊല്ലം വരെയെങ്കിലും സർവീസ് നടത്തണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം. നിലവിലുള്ള സമയത്തെ ബാധിക്കാതെയും ഇപ്പോഴുള്ള സർവീസ്‌ തുടർന്നും ട്രെയിൻ കൊല്ലത്തേക്ക് ദീർഘിപ്പിക്കാമെന്നും യാത്രക്കാർ പറയുന്നു. ആലപ്പുഴയിൽ എത്തുന്ന മെമു കൊല്ലത്തേക്ക്‌ സർവീസ്‌ നീട്ടിയാൽ 11.30 ഓടെ കൊല്ലത്തെത്തുന്ന യാത്രക്കാർക്ക്‌ 11.35ന്റെ കൊല്ലം–-കന്യാകുമാരി മെമുവിൽ തിരുവനന്തപുരത്തേക്ക്‌ യാത്രചെയ്യാം. രാവിലെ ഇന്റർസിറ്റിക്കും 1.15ന്റെ പാസഞ്ചറിനും ഇടയിൽ ആലപ്പുഴ–-കൊല്ലം സർവീസ്‌ യാത്രക്കാർക്ക്‌ ഗുണകരമാകും.  തിരുവനന്തപുരത്തുനിന്ന്‌ രാവിലെ 9.15ന്‌ പുറപ്പെടുന്ന നേത്രാവതിക്കുശേഷം ആലപ്പുഴയ്‌ക്ക്‌ വൈകിട്ട്‌ 5.30ന്‌ ഗുരുവായൂർ ഇന്റർസിറ്റിയാണ്‌ പ്രതിദിന സർവീസായുള്ളത്‌.    കൊല്ലത്തേക്ക്‌ നീട്ടുന്ന മെമു സർവീസ്‌ പകൽ രണ്ടോടെ മടക്കയാത്ര ആരംഭിച്ചാൽ 9.40നും 12.40നും ഇടയിലുള്ള നാല്‌ ട്രെയിനിൽ തിരുവനന്തപുരത്തുനിന്ന്‌ കൊല്ലത്തെത്തുന്ന യാത്രക്കാർക്ക്‌ ആലപ്പുഴയിലെത്താനും വഴിതെളിയും. തിരിച്ചെത്തിയ ശേഷം നിലവിലുള്ളതുപോലെ 5.35ന്‌ ആലപ്പുഴ–-കൊല്ലം മെമു സ്‌പെഷ്യലായും സർവീസ്‌ തുടരാം. വേണം പഴയ ഫാസ്‌റ്റ്‌ പാസഞ്ചർ സർവീസ്‌ നിർത്തിയ എറണാകുളം– കായംകുളം ഫാസ്‌റ്റ്‌ പാസഞ്ചർ പുനരാരംഭിക്കണമെന്നതും യാത്രക്കാരുടെ നീണ്ടനാളത്തെ ആവശ്യമാണ്‌. 10ന്‌ എറണാകുളത്തുനിന്ന്‌ പുറപ്പെടുന്ന വണ്ടി. 12.10 ഓടെയാണ്‌ കായംകുളത്ത്‌ എത്തിയിരുന്നത്‌. കോട്ടയം വഴിവരുന്ന ഐലൻഡ്‌ എക്‌സ്‌പ്രസും കേരള എക്‌സ്‌പ്രസും കണക്ഷൻ ട്രെയിനുകളായി ഉപയോഗിച്ച്‌ തലസ്ഥാനത്ത്‌ എത്താനാകും. നരകമാണ്‌ ‘മെമു’ ആലപ്പുഴ- എറണാകുളം മെമുവിൽ അതിരാവിലെ യാത്രക്കാർക്ക്‌  നരകയാത്രയാണ്‌. ആലപ്പുഴയിൽനിന്ന്‌ യാത്ര ആരംഭിക്കുമ്പോൾമുതൽ കാലുകുത്താൻ ഇടമില്ലാത്ത മെമുവിൽ യാത്രക്കാർ കുഴഞ്ഞുവീഴുന്നതും പതിവാണ്‌. ബുധനാഴ്‌ചയും രണ്ടുപേർ കുഴഞ്ഞുവീണു. ചേർത്തലയിൽനിന്ന്‌ കയറി തൊട്ടടുത്ത സ്‌റ്റേഷനായ വയലാർ എത്തുന്നതിന്‌ മുമ്പുതന്നെ  വിദ്യാർഥിനിയും മറ്റൊരു കമ്പാർട്ടുമെന്റിൽ വയോധികനുമാണ്‌ കുഴഞ്ഞുവീണത്‌. വിദ്യാർഥിനിയെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ദേശീയപാത വികസനം  ആരംഭിച്ചതോടെയാണ്‌ രാവിലെ  യാത്രക്കാർ വർധിച്ചത്‌. 16 ബോഗി അനുവദിച്ചിരുന്നെങ്കിലും അത്‌ പൂർണമായി ലഭിക്കാത്തത്‌ യാത്രാദുരിതം ഇരട്ടിയാക്കുന്നുണ്ട്‌. തിങ്ങിനിറഞ്ഞുള്ള യാത്രയിൽ കമ്പാർട്ടുമെന്റിൽ ചൂടും അസഹ്യമാകുന്നതോടെ പ്രഷർകുക്കറിൽ അകപ്പെട്ട അവസ്ഥയിലാകും യാത്രക്കാർ. Read on deshabhimani.com

Related News