തീവ്രമഴ: വൈദ്യുതി അപകടങ്ങളിൽ‍പ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി



തിരുവനന്തപുരം > തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ വൈദ്യുതി അപകടങ്ങളിൽ‍പ്പെടാതിരിക്കാൻ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് കെഎസ്ഇബി. മരക്കൊമ്പുകൾ വീണോ മറ്റോ വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും രാത്രി കാലങ്ങളിലും പുലർ‍ച്ചെയും പുറത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും കെഎസ്ഇബി അറിയിച്ചു. പൊട്ടിവീണ ലൈനിൽ നിന്നു മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോകുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാൻ അനുവദിക്കുകയുമരുത്. സർവീസ് വയർ, സ്റ്റേവയർ, വൈദ്യുതി പോസ്റ്റുകൾ എന്നിവയെ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളിൽ സർവീസ് വയർ കിടക്കുക, സർ‍വീസ് വയർ ലോഹത്തൂണിൽ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേൽക്കാൻ‍ സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽ‍പ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്. വൈദ്യുതി തകരാർ സംബന്ധമായ പരാതികൾ അറിയിക്കാൻ 1912 എന്ന 24/7 ടോൾ‍ഫ്രീ കസ്റ്റമർ‍കെയർ നമ്പരിൽ വിളിക്കാവുന്നതാണ്. 9496001912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്സ്ആപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താൻ കഴിയും. ഈ വർ‍ഷം ഇതുവരെ 296 വൈദ്യുതി അപകടങ്ങളിൽ നിന്നായി 73 പേർക്ക്  ജീവൻ നഷ്ടമായെന്നും കെഎസ്ഇബി അറിയിച്ചു. Read on deshabhimani.com

Related News