രഞ്ജിത്തിനെതിരായ ആരോപണം; പരിശോധിച്ച് നടപടിയെടുക്കും- മന്ത്രി ആർ ബിന്ദു
കൊച്ചി > ജസ്റ്റിസ് ഹേമ കമ്മിറ്റി മുന്നോട്ടുവച്ച എല്ലാ നിർദേശങ്ങളും സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു. സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിച്ച് നടപടിയെടുക്കും. ഒരു സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ വസ്തുനിഷ്‌ഠമായി പരിശോധിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി ആലുവയിൽ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന് കൃത്യമായ സ്‌ത്രീപക്ഷനിലപാടുണ്ട്. സിനിമാമേഖലയിലെ സ്‌ത്രീകളുടെ കാര്യത്തിലും അതേ നിലപാടാണ്. സിനിമാരംഗത്തെ ലിംഗപരമായ അസമത്വങ്ങളെ ചോദ്യംചെയ്താണ് ഡബ്ല്യുസിസി രൂപീകരിച്ചത്. അവരുടെ അഭിപ്രായങ്ങൾ മാനിച്ചാണ് കമ്മിറ്റിയെ നിയോഗിച്ചത്. ഡബ്ല്യുസിസിയും മൊഴി നൽകിയവരുമായി വിശദമായ ചർച്ച നടത്തി മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു. ആരോപണം അന്വേഷിക്കണം: പി സതീദേവി ശ്രീലേഖമിത്രയുടെ ആരോപണം അന്വേഷിക്കണമെന്നും എത്ര ഉന്നതനായാലും ശക്തമായ നടപടി ഉണ്ടാകുമെന്നും വനിതാകമീഷൻ അധ്യക്ഷ പി സതീദേവി. വ്യക്തമായ പരാതി ലഭിച്ചാൽ നടപടിയുണ്ടാകും. പരാതിപ്പെടുന്നവർക്ക് നിയമപരിരക്ഷ ഉറപ്പാക്കണം. കുറ്റക്കാർക്കുനേരെ വിരൽചൂണ്ടാൻ ഭയപ്പെടേണ്ടതില്ല–- അവർ മാധ്യമങ്ങളോട് പറഞ്ഞു. സൂപ്പർ നടൻ മോശമായി പെരുമാറി: സോണിയ മൽഹാർ ഒരു സൂപ്പർ സ്‌റ്റാർ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി സോണിയാ മൽഹാർ. ജൂനിയർ ആർടിസ്‌റ്റായി അഭിനയിക്കുമ്പോൾ തൊടുപുഴയിൽവച്ച് ഒരു സൂപ്പർസ്‌റ്റാർ തന്നെ കടന്നുപിടിച്ചെന്ന് നടി ചാനൽ ചർച്ചയിൽ ആരോപിച്ചത്. എട്ടുവർഷം മുമ്പ് നടന്ന സംഭവമാണെന്നും നടൻ ഇപ്പോഴും സിനിമയിലും സാമൂഹിക രംഗത്തും സജീവമാണെന്നും അവർ പറയുന്നു. പേര് വെളിപ്പെടുത്താനോ, കേസിന് പേകാനോ താൽപര്യമില്ലെന്നും പറയുന്നുണ്ട്. മരിച്ചുപോയ ഒരു ഹാസ്യനടനും തന്നോട് മുറിയിലേക്ക് ചെല്ലാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചതായും ആരോപിക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷമാണ് ഇക്കാര്യങ്ങൾ പറയാൻ ധൈര്യം ലഭിച്ചതെന്നും സോണിയാ മൽഹാർ പറയുന്നു. റിഥം, നീരവം, നിദ്രാടനം തുടങ്ങി എട്ടോളം ചെറുസിനിമകളിൽ നായികയായി അഭിനയിച്ച നടിയാണ് സോണിയാ മൽഹാർ. ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങളിൽ നടപടിയുണ്ടാകും: മന്ത്രി സിനിമ മേഖലയിലെ തൊഴിൽ വിഷയങ്ങളിൽ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്. കുറ്റം ചെയ്‌താൽ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും. ഏത് തൊഴിലിടത്തും മനുഷ്യത്വപരമായ സൗകര്യങ്ങൾ ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരാതി ലഭിച്ചാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പരാതിപ്പെട്ടാൽ നടപടി: ബൃന്ദ കാരാട്ട് സംവിധായകൻ രഞ്‌ജിത്തിൽനിന്ന് ദുരനുഭവം ഉണ്ടായെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ പരാതി ലഭിച്ചാൽ നടപടി ഉറപ്പാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ശ്രീലേഖയിൽനിന്ന് പരാതി വാങ്ങേണ്ടതുണ്ട്. മലയാള സിനിമയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഗൗരവമേറിയതാണ്. അതേസമയം, ഹേമ കമ്മിറ്റി ജുഡീഷ്യൽ കമീഷനല്ല. പരാതി ലഭിച്ചാൽ മാത്രമാണ് നിയമനടപടി എടുക്കാൻ കഴിയുക. റിപ്പോർട്ട് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. Read on deshabhimani.com