വയനാട്ടിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് വിദഗ്ധ സംഘം രൂപീകരിച്ചു
കൽപ്പറ്റ > വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മേഖലാടിസ്ഥാനത്തിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് (പിഡിഎൻഎ) സംഘം രൂപീകരിച്ചു. ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങളുണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകൾ കണക്കാക്കുക, വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനുമുള്ള പ്രവർത്തനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുക എന്നിവയാണ് പിഡിഎൻഎയുടെ പ്രധാന ലക്ഷ്യം. സംഘത്തിന്റെ പ്രവർത്തനങ്ങൾ ഇന്ന് മുതൽ ആഗസ്ത് 31 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടക്കും. മാർഗ്ഗനിർദ്ദേശവും സാങ്കേതിക സഹായവും നൽകുന്നതിനായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സംഘവും ജില്ലയിലുണ്ടാവും. പ്രിന്‍സിപ്പല്‍ സെക്രെട്ടറി, ഡിസാസ്റ്റർ മാനേജ്‌മെന്റ് ആൻഡ് സ്റ്റേറ്റ് റിലീഫ് കമ്മീഷണർ പ്രിൻസിപ്പൽ സെക്രട്ടറി പിഡിഎൻഎ പ്രവർത്തങ്ങളുടെ മേൽനോട്ടം വഹിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി സംസ്ഥാനതല ഓഫീസർമാരുടെ മേൽനോട്ടം വഹിക്കും. ജില്ലാ കളക്ടർ ജില്ലാ തല ഓഫീസർമാരുടെ ചുമതലയും നിർവഹിക്കും. പാർപ്പിടവും അധിവാസ മേഖല, വിദ്യാഭ്യാസം, ആരോഗ്യവും പോഷകാഹാരവും, പൊതു കെട്ടിടവും പൗര സൗകര്യങ്ങളും (നഗരവും ഗ്രാമവും) ഉൾപ്പെടെ,വാണിജ്യ അടിസ്ഥാന സൗകര്യങ്ങൾ, മാനസിക-സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ളവും ശുചിത്വവും, റോഡുകളും പാലങ്ങളും, ജലസേചനം (ചെറിയ കനാലുകൾ/ പരമ്പരാഗത ജലസേചന സംവിധാനം), കൃഷിയും ഹോർട്ടികൾച്ചറും (തോട്ടങ്ങളും കാർഷിക തൊഴിലാളികളും ഉൾപ്പെടെ), മൃഗസംരക്ഷണവും കന്നുകാലികളും, ടൂറിസം, എംഎസ്എംഇ, ചെറുകിട, പ്രാദേശിക ബിസിനസുകൾ, ഉപജീവനമാർഗങ്ങൾ, വനവും പരിസ്ഥിതിയും, ആദിവാസികൾ- പ്രായമായവർ -വൈകല്യമുള്ളവർ എന്നിവരുടെ സാമൂഹിക ഉൾപ്പെടുത്തൽ തുടങ്ങിയവയെ വിവിധ മേഖലകളായി തിരിച്ചാണ് വിദഗ്ധ സംഘം പ്രവർത്തിക്കുക. വിവിധ മേഖലകളിൽ സംഭവിച്ച ആഘാതം, നാശനഷ്ടങ്ങൾ, അടിയന്തിരമായ ആവശ്യകതകള്‍, ചുരുങ്ങിയ കാല ആവശ്യകതകള്‍, ദീർഘകാല വീണ്ടെടുക്കൽ, പുനർനിർമ്മാണ മാർഗ്ഗങ്ങൾ എന്നിവ സംഘം വിലയിരുത്തും. ദുരന്താനന്തര ആവശ്യങ്ങളുടെ വിലയിരുത്തൽ നടത്തുന്നതിന് ദേശീയ ദുരന്തനിവാരണ അതോറിറ്റി, സെൻട്രൽ ബിൽഡിങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ അഫയേഴ്സ്, മറ്റ് ഏജൻസികൾ എന്നിവ പിഡിഎൻഎയെ സംയുക്തമായി പിന്തുണയ്ക്കും. വിവിധ ടീമുകൾക്കായി പരിശീലനവും നൽകും. ഡിഡിഎംഎ അംഗങ്ങൾ, ഡിപ്പാർട്ട്‌മെൻ്റ് മേധാവികൾ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, പിഡബ്ല്യുഡി, എൽഎസ്ജിഡി എൻജിനീയറിങ്, മൈനർ ഇറിഗേഷൻ, വാട്ടർ അതോറിറ്റി വകുപ്പുകളിൽ നിന്നുള്ള അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, ഗ്രാമവികസനം, കുടുംബശ്രീ, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി, വനം-ടൂറിസം- വനിതാ ശിശു- സാമൂഹികനീതി തുടങ്ങി വിവിധ വകുപ്പുകൾ ഉൾപ്പെടുന്ന ജില്ലാ ടീമിനെ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ നയിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ.ശേഖർ ലൂക്കോസ് കുര്യാക്കോസ്, സിബിആർ.ഐ ഡയറക്ടർ പ്രൊഫ.ആർ പ്രദീപ്കുമാർ എന്നിവർ പിഡിഎൻഎയുടെ ടീം ലീഡറായി പ്രവർത്തിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. Read on deshabhimani.com