വർഗീയതയ്ക്കെതിരെ 
‘വസുധൈവ കുടുംബകം’



തിരുവനന്തപുരം വർഗീയ രാഷ്ട്രീയത്തിനെതിരെ കുടുംബത്തിന്റെ ചരിത്രം അവതരിപ്പിച്ച്‌ വിഖ്യാത ഡോക്യുമെന്ററി സംവിധായകൻ ആനന്ദ്‌ പട്‌വർദ്ധൻ. കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയിൽ മൂന്നാംദിനത്തിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച്‌ ദി വേൾഡ്‌ ഈസ്‌ ഫാമിലി (വസുധൈവ കുടുംബകം). രാജ്യത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ പൈതൃകത്തിന്റെ ശക്തിക്ക് ഡോക്യുമെന്ററി അടിവരയിടുന്നു. ദേശീയത, മതം, ജാതി, ലിംഗഭേദം എന്നീ ചിന്തകളും അപ്രസക്തമാണെന്ന് ഡോക്യുമെന്ററി ഓർമിപ്പിക്കുന്നു. ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രീമിയറായാണ്‌ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്‌. സ്വന്തം വീട്ടിലേക്കാണ്‌ സംവിധായകൻ കാമറ തിരിച്ചുവയ്ക്കുന്നത്‌. അച്ഛൻ ബാലു, അമ്മ നിർമല എന്നിവരുടെ കഥകളിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്‌ മുമ്പും പിമ്പുമുള്ള ചരിത്രം അവതരിപ്പിക്കുന്നു. അമ്മ കറാച്ചിക്കാരിയായിരുന്നു. ശാന്തിനികേതനിലാണ്‌ പഠിച്ചത്‌. മാതാപിതാക്കൾ, അമ്മാവന്മാർ, അമ്മായിമാർ, കുടുംബ സുഹൃത്തുക്കൾ, മുത്തശ്ശി പോലും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ സജീവമായി പങ്കെടുത്തു. ബാലു തമാശയായി പറയുന്നുണ്ട്‌: "ഒരിക്കലും ജയിലിൽ പോകാത്ത ഒരേയൊരു വ്യക്തി ഞാൻ മാത്രമാണ് (കുടുംബത്തിൽ). ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അത്ര അറിയപ്പെടാത്ത മറ്റ് ചില വ്യക്തികളുടെ സംഭാവനകളെയും ചിത്രം വെളിച്ചത്ത് കൊണ്ടുവരുന്നു. നിർമലയുടെ കുടുംബവും സ്വാതന്ത്ര്യസമരത്തിന്റെ ഉന്നത നേതാക്കൾക്ക് സിന്ധിലെ വീട്ടിൽ പതിവായി ആതിഥേയത്വം വഹിച്ചിരുന്നു. അവരുടെ അച്ഛന്റെ സുഹൃദ് വലയത്തിൽ വിഭജനത്തെ എതിർത്ത സിന്ധ് മുഖ്യമന്ത്രി അല്ലാഹു ബക്ഷുമുണ്ടായിരുന്നു. അദ്ദേഹം പിന്നീട്‌ കൊല്ലപ്പെട്ടു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബി ആർ അംബേദ്കർ, മറ്റ് സ്വാതന്ത്ര്യസമര സേനാനികൾ എന്നിവരെക്കുറിച്ചുമുള്ള വിവരങ്ങൾ ചിത്രത്തിലുണ്ട്‌. 96 മിനിറ്റ് ദൈർഘ്യമുള്ളതാണ്‌ പട്‌വർദ്ധൻ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചിത്രീകരിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്ത ഡോക്യുമെന്ററി. ഡോ. ബി ആർ അംബേദ്‌കർ: നൗ ആൻഡ്‌ ദെൻ, ഷെറിയുടെ വിപരീതം, പലസ്‌തീൻ ഐക്യദാർഢ്യ ചിത്രങ്ങളായ പലസ്‌തീൻ ഐലൻഡ്‌സ്‌, ഹെവി മെറ്റൽ എന്നിവയും പ്രേക്ഷകപ്രീതി നേടി. ഞായറാഴ്‌ച 62 ചിത്രമാണ്‌ പ്രദർശിപ്പിച്ചത്‌.   Read on deshabhimani.com

Related News