അരങ്ങിനെ അനന്യമാക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങള്‍
തിരുവനന്തപുരം > ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ കലാട്രൂപ്പ് ആരംഭിക്കാൻ സാമൂഹ്യനീതി വകുപ്പ്. ‘അനന്യം’ എന്ന പേരിലുള്ള പദ്ധതിയിൽ 30 പേരടങ്ങുന്ന കലാട്രൂപ്പ് അടുത്തയാഴ്ച യാഥാർഥ്യമാകും. വട്ടിയൂർക്കാവിലെ ഗുരുഗോപിനാഥ് നടനഗ്രാമമാണ് പദ്ധതി നടപ്പാക്കുന്നത്. കലാപരമായ കഴിവുകളുള്ള നിരവധി വ്യക്തികളാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളത്. എന്നാൽ, അവരിൽ പലർക്കും കൃത്യമായ പരിശീലനമോ വേദികളോ ലഭിക്കാറില്ല. ഈ സാഹചര്യം ഒഴിവാക്കി കൃത്യമായ വരുമാനം ലഭിക്കുന്ന വിധത്തിൽ ടീമിനെ സജ്ജീകരിക്കുകയാണ് ലക്ഷ്യം. നൃ-ത്തം, പാട്ട്, നാടകം, നാടൻകലാരൂപങ്ങൾ തുടങ്ങിയവ സമന്വയിപ്പിച്ചുള്ള ഒരു പ്രോഗ്രാമായിരിക്കും സജ്ജമാക്കുക. ലഭിക്കുന്ന വേദികൾക്ക് അനുസരിച്ച് ചിട്ടപ്പെടുത്തിയാകും പരിപാടി അവതരിപ്പിക്കുക. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മെഗാ ഇവന്റും പരിഗണനയിലുണ്ട്. സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന മേളകൾ, പ്രദർശനങ്ങൾ എന്നിവിടങ്ങളിൽ വേദികൾ ഉറപ്പാക്കും. ‘അനന്യ’ത്തിലേക്കുള്ള പ്രതിഭകളെ ഓഡിഷൻ വഴിയാണ് തെരഞ്ഞെടുക്കുന്നത്. തുടർന്ന് അവരുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള മേഖലകളിൽ പരിശീലനം നൽകും. ഇതിന് ഒരുമാസത്തെ റസിഡൻഷ്യൽ ക്യാമ്പ് വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ നടത്തും. ട്രൂപ്പിൽ മുപ്പത് പേരെയാണ് തീരുമാനിച്ചതെങ്കിലും കൂടുതൽ പേരെ ക്യാമ്പിൽ പരിശീലിപ്പിക്കും. ഓപ്പൺ ഓഡിഷൻ കൊച്ചിയിലും തിരുവനന്തപുരത്തും അനന്യം കലാട്രൂപ്പിലേക്ക് പ്രതിഭകളെ കണ്ടെത്താനുള്ള ഓപ്പൺ ഓഡിഷൻ തിങ്കളാഴ്ച തിരുവനന്തപുരത്തും, വ്യാഴാഴ്ച കൊച്ചിയിലും നടക്കും. വട്ടിയൂർക്കാവ് ഗോപിനാഥ് നടനഗ്രാമത്തിലും എറണാകുളം സെന്റ് വിൻസെന്റ് റോഡിലെ മാക്ട ഓഫീസിലുമാണ് ഓഡിഷൻ. വിവരങ്ങൾക്ക് 6235125321, 8547913916. Read on deshabhimani.com