അങ്കമാലി - എരുമേലി പദ്ധതിയുടെ 50 ശതമാനം ചെലവ്‌ വഹിക്കാമെന്ന്‌ കേരളം

ശബരി റെയിൽ പദ്ധതിക്കായി കാലടിയിൽ നിർമിച്ച പാലം


ന്യൂഡൽഹി > സംസ്ഥാനത്തിന്റെ റെയിൽ വികസനം ചർച്ചചെയ്യാൻ കേരളത്തിൽ എത്താമെന്ന്‌ കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്‌. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്‌ണവ്‌ ഇക്കാര്യം അറിയിച്ചത്. റെയിൽ ഭവനിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ നേമം പദ്ധതി വേഗം നടപ്പാക്കണമെന്ന്‌ കെ വി തോമസ്‌ ആവശ്യപ്പെട്ടു. അങ്കമാലി- –-എരുമേലി ശബരി ന്യൂലൈൻ പദ്ധതിയുടെ ചെലവിന്റെ 50 ശതമാനം കേരളം  വഹിക്കാമെന്ന മുഖ്യമന്ത്രിയുടെ കത്ത്‌ കൈമാറി. അലൈൻമെന്റുകൂടി പരിശോധിക്കുന്നുവെന്നും ഇത് പൂർത്തിയായാൽ മുൻഗണന നൽകി പദ്ധതി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.   കാഞ്ഞങ്ങാട് - –-പനത്തൂർ–- - കണിയൂർ ന്യൂ ലൈൻ പ്രോജക്ടിന്റെ 50 ശതമാനം ചെലവും സംസ്ഥാനം വഹിക്കാമെന്നും കേന്ദ്രമന്ത്രിയെ അറിയിച്ചു. ഗുരുവായൂർ–- -തിരുനാവായ ന്യൂ ലൈൻ പ്രോജക്ടും തലശേരി -–- മൈസൂരു - –-നിലമ്പൂർ–- - നഞ്ചംഗുഡ് ന്യൂലൈൻ പദ്ധതിയും ചർച്ചയായി. ഇതിൽ തലശേരി - –-നഞ്ചംഗുഡ് ലൈനിന്റെ കേരളത്തിലെ സർവേ പൂർത്തിയായെന്നും അശ്വിനി വൈഷ്‌ണവിനെ ധരിപ്പിച്ചു. സിൽവർ ലൈൻ പദ്ധതിയുൾപ്പെടെ എല്ലാത്തിലും കേന്ദ്രമന്ത്രിയുടേത്‌ അനുകൂല പ്രതികരണമായിരുന്നെന്ന്‌ കെ വി തോമസ്‌ പിന്നീട്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാത ഇരട്ടിപ്പിക്കൽ വേഗത്തിൽ പൂർത്തിയാകുന്നതിന് ആവശ്യമായ ഇടങ്ങളിൽ സംസ്ഥാനത്തിന്റെ   ഇടപെടലിനും കേന്ദ്രമന്ത്രി അഭ്യർഥിച്ചു. Read on deshabhimani.com

Related News