അനിൽ സേവ്യർ ഇനിയും ജീവിക്കും; എച്ച്സിയുവിലെ രോഹിത് വെമുല സ്മാരകത്തിലൂടെ



കൊച്ചി > ചലച്ചിത്ര പ്രവർത്തകൻ മാത്രമായിരുന്നില്ല അനിൽ സേവ്യർ.  ജാതി വിവേചനങ്ങളെ തുടർന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റി കാമ്പസിൽ ജീവനൊടുക്കിയ രോഹിത് വെമുലയുടെ സ്മാരക ശിൽപത്തിന്റെ സഹശിൽപികൂടിയാണ്. രാജ്യവ്യാപകമായി ദലിത് വിദ്യാർഥികൾ നേരിടുന്ന വിവേചനത്തിനെതിരെ പോരാടാനുള്ള ഉത്തേചനമായിരുന്നു ഹൈദരാബാദ് യൂണിവേഴ്സിറ്റി കാമ്പസിലെ രോഹിത് വെമുല സ്മാരകം. അനിൽ സേവ്യർ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പൂർവവിദ്യാർഥിയും രോഹിത് വെമുലയുടെ സുഹൃത്തുമായുരുന്നു. കാമ്പസുകളിലെ ജാതിവിവേചനങ്ങൾക്കെതിരെയും അസമത്വങ്ങൾക്കെതിരെയും ശബ്ദമുയർത്താൻ പ്രേരകശക്തിയായിമാറിയ ദലിത്- അംബേദ്കർ സ്മാരകം രോഹിത് വെമുലയുടെ ഒന്നാം ഓർമ വാർഷികമായ 2017 ജനുവരി 17ന് ആദ്ദേഹത്തിന്റെ അമ്മയാണ് അനാച്ഛാദനം ചെയ്തത്. 'എനിക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കരുത്. ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ സന്തോഷവാനായിരിക്കുന്നതെന്ന് അറിയുക' എന്ന രോഹിതിന്റെ വാക്കുകൾ  അനിൽ സേവ്യറും സുഹൃത്തുക്കളും ചേർന്നൊരുക്കിയ ശിൽപം ഓർമപ്പെടുത്തി. സാമൂഹിക വ്യവസ്ഥിതിയിലും അടിസ്ഥാന വികസനത്തിലും പുരോ​ഗതി കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ ഇന്നും വിവേചനങ്ങളും അസമത്വവും നിലനിൽക്കുന്നുവെന്ന ഓർമപ്പെടുത്തൽ കൂടിയായിരുന്നു രോഹിത് വെമുല സ്മാരകം. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്കുവടക്ക് സിനിമകളുടെ സഹസംവിധായകനായിരുന്നു അനിൽ സേവ്യർ. ഫുട്ബോൾ കളിക്കിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി നൽകും. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി എ സേവ്യറിന്റെയും അൽഫോൻസയുടെയും മകനാണ്‌. ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് അങ്കമാലി കേന്ദ്രീകരിച്ച് കലാപരിശീലനം നടത്തുകയായിരുന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്ന് ബിഎഫ്എ പൂർത്തിയാക്കിയ അനിൽ, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽനിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു.  കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചു. ഹൈദരാബാദ് യൂണിവേഴ്സിറ്റയിലെ വിദ്യാർഥികൾ ഒത്തുചേരുന്ന ഷോപ്കോം ഏരിയയിലെ രോഹിത് വെമുല സ്മാരകത്തിലൂടെ അനിൽ സേവ്യറിന്റെ ഓർമകളും എന്നും നിലനിൽക്കും.           View this post on Instagram                       A post shared by Maktoob (@maktoobmedia) Read on deshabhimani.com

Related News