കാത്തിരിപ്പ്‌, കൂടപ്പിറപ്പ്‌ തിരികെയെത്താൻ

ഡിവൈഎഫ്ഐ വേങ്ങേരി മേഖലാ കമ്മിറ്റിയുടെ ഹൃദയപൂർവം പ​ദ്ധതി പൊതിച്ചോർ വിതരണത്തിൽ അർജുൻ പങ്കാളിയായപ്പോൾ


കോഴിക്കോട് > ധൈര്യവും എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവുമായിരുന്നു അർജുന്റെ കൈമുതൽ. സഹജീവികളോടുള്ള സ്നേഹത്തെയും കരുണയെയും കൂടെ കൂട്ടിയാണ് ജീവിതത്തിന്റെ ഓരോ ചുവടുകളും ചവിട്ടിക്കയറിയത്.  ചുറ്റുവട്ടങ്ങളിലുള്ളവർക്കെല്ലാം പ്രിയങ്കരൻ. കെവൈഎസി ക്ലബ്ബിലൂടെയും ഡിവൈഎഫ്ഐയിലൂടെയും നാടിന്റെ ജനകീയ ഇടപെടലുകളിൽ ആ ചെറുപ്പക്കാരൻ എന്നുമുണ്ടായിരുന്നു.  കർണാടകത്തിലെ അങ്കോളയിൽ മലയിടിഞ്ഞ്‌ ലോറി സഹിതം കാണാതായ അർജുൻ തിരികെയണയുമെന്ന പ്രതീക്ഷയുമായി നാടിന്റെ കാത്തിരിപ്പ്‌ എട്ടുനാൾ പിന്നിടുകയാണ്‌. 2017ൽ കണ്ണാടിക്കൽ യുവജന ആർട്സ് ക്ലബ്ബ്  ജോയിന്റ്‌ സെക്രട്ടറിയായിരുന്നു അർജുൻ. അക്കാലത്ത്‌ പെയിന്റിങ് ജോലിയായിരുന്നു. എല്ലാ പരിപാടികളിലും നിറഞ്ഞുനിന്നു. പിന്നീടാണ് ഡ്രൈവറാകുന്നത്.  ഡിവൈഎഫ്ഐ കണ്ണാടിക്കൽ നോർത്ത് യൂണിറ്റ് സെക്രട്ടിയായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ എം കണ്ണാടിക്കൽ നോർത്ത് ബ്രാഞ്ച് മുൻ അം​ഗമായിരുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ കാര്യമായി ഇടപെട്ടത് ഇക്കാലത്താണ്. 2020 ഓടെയാണ് ട്രക്കിൽ ജോലിക്ക് പോകാൻ ആരംഭിച്ചത്. ഇതോടെ നാട്ടിലെത്തുന്നത് കുറഞ്ഞു. എന്നാൽ എത്തുന്ന വേളയിൽ പ്രവർത്തനങ്ങളിൽ നിറഞ്ഞു. ഇങ്ങനെയാണ് 2022ൽ ഡിവൈഎഫ്ഐ വേങ്ങേരി മേഖലാ കമ്മിറ്റിയുടെ പൊതിച്ചോർ വിതരണത്തിൽ പങ്കാളിയായത്. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ നിരവധിപേർ പങ്കുവച്ചു.     ‘ഏറ്റെടുക്കുന്ന കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തീർക്കുന്നതിൽ കണിശക്കാരനായിരുന്നു അർജുൻ.  നാടിനും നാട്ടുകാർക്കും എന്ത് ആവശ്യത്തിനും ഓടിയെത്തും. സ്വന്തം നിലയ്‌ക്ക് അത്യധ്വാനം ചെയ്താണ്  ജീവിതം കെട്ടിപ്പടുത്തത്.  സംഘടനാ – സാമൂഹിക പ്രവർത്തനത്തിലും മിടുക്കനായിരുന്നു’–- ഡിവൈഎഫ്ഐ വേങ്ങരി മേഖലാ സെക്രട്ടറി കെ അഫ്സലിന്റെ വാക്കുകൾ.   Read on deshabhimani.com

Related News