കാത്തിരിപ്പ്‌ 
 വിഫലം ; അർജുനില്ല , നാലിടത്ത്‌ ലോഹഭാഗം

ഗംഗാവലി പുഴയിൽ ട്രക്ക് കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നു ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ


അങ്കോള അർജുനായി, പത്താംനാളിലും കേരളം വീർപ്പടക്കിനിന്നത്‌ വെറുതെയായി. റഡാറും മുങ്ങൽ വിദഗ്‌ധരും നടത്തിയ തിരച്ചിലും ഫലം കണ്ടില്ല. ഷിരൂരിൽ ഗംഗാവലി പുഴയിൽ ട്രക്കുണ്ടെന്ന്‌ ബുധനാഴ്‌ച മാർക്ക്‌ ചെയ്‌ത സ്ഥലത്തിന്‌ ചുറ്റും നാലിടത്ത്‌ വേവ്വേറെ ലോഹസാന്നിധ്യം മാത്രമാണ്‌ വ്യാഴാഴ്‌ച തിരിച്ചറിയാനായത്‌.  ദേശീയപാതയുടെ ഇരുമ്പുകൈവേലിയുടെ ഭാഗം, പുഴയിലേക്ക്‌ മറിഞ്ഞുവീണ ഹൈടെൻഷൻ വൈദ്യുതി ടവർ, ട്രക്ക്‌, ട്രക്കിനൊപ്പം വെള്ളത്തിൽ വീണ ടാങ്കറിന്റെ കാബിൻ എന്നിവയാണ്‌ കണ്ടെത്തിയതെന്ന്‌ തിരച്ചിൽ ഏകോപിപ്പിച്ച റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ മാധ്യമങ്ങളോട്‌ പറഞ്ഞു. അർജുൻ ഓടിച്ച ട്രക്കിലെ തടി പുഴയിൽ വീണ്‌ ഒഴുകി വേർപെട്ടിട്ടുണ്ടാകും. ഭാരത്‌ ബെൻസ്‌ ട്രക്കായതിനാൽ കാബിൻ വേർപെടാനിടയില്ല. നിലവിൽ മൂന്നാമത്തെ ലോഹഭാഗം ട്രക്കെന്നാണ്‌ നിഗമനം. എന്നാൽ, അവിടെ മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം തിരിച്ചറിയാനായിട്ടില്ല. റോഡിൽനിന്ന്‌ 60 മീറ്റർ അകലെ പത്തുമീറ്റർ ആഴത്തിൽ തിരച്ചിൽ നടത്തേണ്ടിവരും. അഞ്ച്‌ മീറ്റർ ഉയരംവരെ മണ്ണ്‌ നിറഞ്ഞിട്ടുണ്ട്‌. ആറ്‌ നോട്‌സിലുള്ളഅതിശക്തമായ അടിയൊഴുക്കാണ്‌ ഗംഗാവലി പുഴയിൽ. (ജലപ്രവാഹത്തിന്റെ അളവുകോലാണ്‌ നോട്‌സ്‌.   ഒരു നോട്‌സ്‌ = 1.852 കിലോ മീറ്റർ / മണിക്കൂർ).  മൂന്ന്‌ നോട്‌സിനപ്പുറം മുങ്ങൽ വിദഗ്ധർക്ക്‌ ഇറങ്ങാനാകില്ലെന്നും ഇന്ദ്രബാലൻ പറഞ്ഞു. ട്രക്കുണ്ടെന്ന്‌ വ്യാഴം രാവിലെമുതൽ ഐ ബോർഡ്‌ ത്രീഡി ഇമേജ്‌ റഡാറുകൾ വിലയിരുത്തിയ സ്ഥലത്ത്‌ പരിശോധന നടത്തി. ട്രക്ക്‌ പുഴയ്‌ക്കടിയിലെ മണ്ണിൽ ഉറച്ച നിലയിലാണ്‌. പ്രതികൂല കാലാവസ്ഥയായതിനാൽ വൈകിട്ട്‌ അഞ്ചോടെ ഡ്രോൺ പരിശോധന നിർത്തി. അനുകൂലമെങ്കിൽ രാത്രി ഡ്രോൺ പരിശോധന തുടരുമെന്ന്‌ ഉത്തര കന്നഡ കലക്ടർ ലക്ഷ്‌മിപ്രിയ പറഞ്ഞു. മുങ്ങലിന്‌ പുഴയുടെ ഒഴുക്ക്‌ നിയന്ത്രിക്കണം. ഇതിനായി പ്രത്യേക ഡ്രഡ്‌ജിങ്‌ നടത്തുമെന്നും അവർ പറഞ്ഞു.ട്രക്കിലുണ്ടായിരുന്ന അതേ വലുപ്പമുള്ള മൂന്ന്‌ അക്കേഷ്യാമരത്തടികൾ ഷിരൂരിൽനിന്ന്‌ എട്ടുകിലോമീറ്റർ അകലെ നാട്ടുകാർ പിടിച്ചിട്ടിട്ടുണ്ടെന്ന്‌ ട്രക്ക് ഉടമ മനാഫ്‌ പറഞ്ഞു. അപകടം നടന്ന 16ന്‌ തിരച്ചിലിനിടയിൽ  കണ്ടെത്തിയ മനുഷ്യശരീരത്തിന്റെ ഭാഗം പുഴയിൽ വീണ ടാങ്കർ ഡ്രൈവർ ശരവണന്റേതാണെന്ന്‌ ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. Read on deshabhimani.com

Related News