അർജുൻ രക്ഷാദൗത്യം: ഇനി പ്രതീക്ഷ ആമയന്ത്രത്തിൽ

അർജുനുവേണ്ടി തിരച്ചിൽ നടത്താൻ ഷിരൂരിലേക്ക്‌ കൊണ്ടുപോകുന്നതിന് തൃശൂരിൽ തയ്യാറാക്കിയ നിർത്തിയിരിക്കുന്ന ആമയന്ത്രം


തൃശൂർ/അങ്കോള> മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിന്‌ തൃശൂരിൽനിന്ന്‌ വിദഗ്‌ധസംഘം കർണാടകത്തിലെ അങ്കോളയിൽ എത്തി. തൃശൂരിൽ കൃഷിവകുപ്പിന്റെ കൈയിലുള്ള ആമയന്ത്രം (ഡ്രഡ്‌ജിങ് യന്ത്രം) പ്രയോജനപ്പെടുത്താനാവുമോയെന്ന്‌ പഠിക്കാനാണ്‌ സംഘം എത്തിയത്. കുത്തൊഴുക്കുള്ള ഗംഗാവാലി  പുഴയിൽ യന്ത്രം ഉറപ്പിച്ചു നിർത്താനാവുമോയെന്ന്‌ പഠനം നടത്തും. പുഴയുടെ ആഴവും പഠിക്കണം. വിദഗ്‌ധസംഘം ഇതു സംബന്ധിച്ച്‌ റിപ്പോർട്ട്‌ നൽകും. ഇത്‌ അനുകൂലമായാൽ യന്ത്രം ഉടൻ കർണാടകത്തിലെത്തിക്കും. കോൾനിലങ്ങളിൽ ചണ്ടിയും ചെളിയും നീക്കാനാണ്‌ ആമയന്ത്രം ഉപയോഗിക്കുന്നത്‌. ഒഴുകി നടക്കുന്ന ബോട്ടിൽ മണ്ണുമാന്തിയന്ത്രം ഘടിപ്പിച്ചാണ്‌ ഡ്രഡ്‌ജിങ് യന്ത്രം. ഇത്‌ ഏതുദിശയിലേക്കും നീക്കാം. വെള്ളത്തിലും കരയിലും   പ്രവർത്തിപ്പിക്കാം. പുഴയിലെ 20 അടിവരെ ആഴത്തിലുള്ള സാധനങ്ങൾ ഇതിലൂടെ ഉയർത്തിയെടുക്കാനാവും. 70 എച്ച്‌പി മോട്ടോർ ഉപയോഗിച്ചാണ്‌ പ്രവർത്തനം. തൃശൂർ കോൾനിലങ്ങളിൽ കാർഷിക പ്രവൃത്തികൾക്ക്‌ യന്ത്രം ഉപയോഗിക്കുന്നുണ്ട്‌. കർണാടകത്തിലേക്ക്‌ കൊണ്ടുപോവുന്നതിന്‌ മുന്നോടിയായി യന്ത്രത്തിന്റെ പണികൾ  അടിയന്തരമായി പൂർത്തീകരിച്ചു.  ജില്ലാകൃഷി അസി. ഡയറക്ടർമാരായ ഡോ. എ ജെ വിവൻസി, വി എസ്‌ പ്രതീഷ്‌, ആമയന്ത്രം രൂപകല്പനചെയ്ത  നിതിൻലാൽ എന്നിവരാണ്‌ സംഘത്തിൽ. എഡിഎം ടി മുരളിയാണ്‌ ജില്ലാതല നോഡൽ ഓഫീസർ.   അതേ സമയം ഷിരൂരിൽ അർജുനായി തിങ്കളാഴ്‌ച തിരച്ചിലൊന്നും നടന്നില്ല. എസ്‌ഡിആർഎഫ്‌ സംഘം മാത്രം തിരച്ചിൽ ബോട്ടുമായി ഉച്ചവരെ സ്ഥലത്തുണ്ടായിരുന്നു.  ദൗത്യം തുടരുമെന്ന, കാർവാർ എംഎൽഎ സതീഷ്‌ കൃഷ്‌ണ സെയിലിന്റെ ഉറപ്പിന്മേൽ കേരളത്തിൽ നിന്നുള്ള എംഎൽഎമാർ അങ്കോളയിൽ തുടർന്നിരുന്നു. എന്നാൽ ഉച്ചവരെ ആരും പുഴക്കരയിലുണ്ടായില്ല. ഇതോടെ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശ പ്രകാരം എംഎൽഎമാരായ എം വിജിൻ, എം രാജഗോപാലൻ എന്നിവർ കേരളത്തിലേക്ക്‌ മടങ്ങി. Read on deshabhimani.com

Related News