തിരച്ചിൽ നിർത്തി കർണാടക ; അരുതെന്ന്‌ കേരളം



അങ്കോള മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക്‌ ഡ്രൈവർ കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി അർജുന്‌(30)വേണ്ടിയുള്ള തിരച്ചിൽ  നിർത്തുന്നു. അപകടമുണ്ടായി 12ാം നാളിലാണ്‌ കുടുംബത്തെയും കേരളത്തെയാകെയും കണ്ണീരിലാഴ്‌ത്തി കർണാടക അധികൃതരുടെ പിന്മാറ്റം. കേരളത്തിന്റെ സമ്മർദം പരിഗണിക്കാതെയാണ്‌ തീരുമാനം. തിരച്ചിൽ തുടരണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട്‌  ഫോണിൽ അഭ്യർഥിച്ചു. തുടർന്ന്‌ വൈകിട്ട്‌ കാർവാറിൽചേർന്ന ഉന്നതതലയോഗം തിരച്ചിൽ നിർത്തുന്നതായി  ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല.  അടുത്ത 21 ദിവസം പ്രദേശത്ത്‌ പേമാരിയാണെന്നും ആറ്‌ നോട്‌സിലധികം ഒഴുക്കുള്ളപ്പോൾ തിരച്ചിൽ സാധ്യമല്ലെന്നും ഫിഷറീസ്‌ മന്ത്രി മംഗൾ എസ്‌ വൈദ്യ പ്രതികരിച്ചു. ദൗത്യം തുടരാൻ എല്ലാ സാധ്യതയും തേടുമെന്ന്‌ കാർവാർ എംഎൽഎ സതീഷ്‌ കൃഷ്‌ണ സെയിൽ പറഞ്ഞു.  കർണാടക പറഞ്ഞ പ്രധാന കാര്യങ്ങൾ പാലിച്ചില്ലെന്ന്‌  എം വിജിൻ എംഎൽഎ പ്രതികരിച്ചു. ‘‘ദൗത്യം തുടരണമെന്നാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ആവശ്യപ്പെട്ടത്‌. പുഴ തെളിഞ്ഞാൽ തിരച്ചിൽ തുടരാമെന്നാണ്‌ കർണാടക അധികൃതർ പറയുന്നത്‌. അപ്പോഴേക്കും സെപ്തംബറാകും. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തിൽ ഇടപെടാൻ നമുക്ക്‌ പരിമിതിയുണ്ട്‌. പൊങ്ങിക്കിടക്കുന്ന മണ്ണുമാന്തിയന്ത്രം തൃശൂരിൽനിന്ന്‌ എത്തിക്കാമെന്ന നമ്മുടെ വാക്കും തള്ളി. അർജുനായി കർണാടക പരമാവധി ചെയ്‌തില്ല എന്ന വികാരമാണുള്ളത്‌’–- വിജിൻ പറഞ്ഞു. എംഎൽഎമാരായ എം രാജഗോപാലൻ, എ കെ എം അഷ്‌റഫ്‌ എന്നിവരും യോഗത്തിൽ പങ്കെടുത്തു. തിരച്ചിലിന്‌ കൂടുതൽ ഉപകരണങ്ങൾ ബംഗളൂരുവിൽ നിന്നെത്തിക്കും, മുങ്ങൽ വിദഗ്‌ധർക്ക്‌ മുങ്ങാൻ  പൊൺടൂൺ പാലം സജ്ജമാക്കും, ഗോവയിൽനിന്ന്‌ വലിയ ഡ്രഡ്‌ജർ എത്തിക്കും തുടങ്ങിയ മന്ത്രിതല തീരുമാനങ്ങൾ നടപ്പാക്കാതെയാണ്‌ തിരച്ചിൽ ഉപേക്ഷിക്കുന്നത്‌. നേവി, എൻഡിആർഎഫ്‌ സംഘങ്ങൾ ശനിയാഴ്‌ച തിരച്ചിൽ മതിയാക്കിയിരുന്നു. മുങ്ങൽ വിദഗ്‌ധൻ  ഈശ്വർ മൽപെ ഞായർ പകൽ മൂന്നുവരെ പുഴയിലിറങ്ങി. തിരച്ചിൽ അവസാനിപ്പിക്കരുത്‌ : മുഖ്യമന്ത്രി അർജുനുവേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട്‌ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. ഫലമുണ്ടാകുംവരെ ആവശ്യമായ ഉപകരണങ്ങൾ ഉപയോഗിച്ച്‌ രക്ഷാപ്രവർത്തനം തുടരണം. അർജുനെ കണ്ടെത്താൻ നടത്തുന്ന തിരച്ചലിനെയും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങളെയും അഭിനന്ദിക്കുന്നു. ഈ ഘട്ടത്തിൽ തിരച്ചിൽ അവസാനിപ്പിക്കരുതെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News