അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ ഇന്നും വാദം തുടരും; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

photo credit: Anna University official website


ചെന്നൈ> ചെന്നൈ അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ ഇന്നും വാദം തുടരും. അണ്ണാ സര്‍വകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് ബലാത്സംഗത്തിനിരയായത്. ബുധനാഴ്ച പുലര്‍ച്ചെ ക്യാമ്പസിനുള്ളില്‍ വെച്ച് അജ്ഞാതരായ രണ്ടുപേര്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അതേസമയം,കഴിഞ്ഞ ദിവസം വേദം കേള്‍ക്കവെ ചെന്നൈ പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കേസിന്റെ എഫ്‌ഐആര്‍ ചോര്‍ന്നത് പൊലീസിന്റെ കൈയില്‍ നിന്നെന്ന് കോടതി വിമര്‍ശിച്ചു. പെണ്‍കുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സര്‍ക്കാരാണ്. പൊലീസിന് ക്യാംപസില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും അതേ സമയം പ്രതിക്ക് പൂര്‍ണസ്വാതന്ത്യം നല്‍കിയിരിക്കുകയാണെന്നും കോടതി രൂക്ഷഭാഷയില്‍ പ്രതികരിച്ചു. ക്യാമ്പസില്‍ ദുരനുഭവം നേരിട്ട പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ മുന്നോട്ടുവരണം എന്ന് കോടതി പറഞ്ഞു.10 വര്‍ഷമായി പ്രതി ക്യാമ്പസില്‍ കയറിയിറങ്ങുന്നു. എന്തെല്ലാം സംഭവിച്ചിട്ടുണ്ടാകുമെന്ന് ആര്‍ക്കറിയാം എന്നും കോടതി ചോദിച്ചു. സദാചാര പോലീസ് കളിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. പെണ്‍കുട്ടിയെ കുറിച്ച് മോശമായി സംസാരിക്കാന്‍ ആര്‍ക്കും അവകാശമില്ല. പുരുഷ സുഹൃത്തിനൊപ്പം സമയം ചിലവിടുന്നത് അവളുടെ അവകാശമാണ്. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പോകരുതെന്ന് സര്‍വകലാശാലയ്ക്ക് പറയാനാകില്ല. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് അസംബന്ധ പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്നും കോടതി വാദം കേള്‍ക്കലിനിടെ വ്യക്തമാക്കി. പെണ്‍കുട്ടിയും സുഹൃത്തും  പള്ളിയില്‍ ക്രിസ്മസ് പ്രാര്‍ഥനയില്‍ പങ്കെടുത്ത ശേഷം ക്യാമ്പസില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു. ഈ സമയത്ത് രണ്ട് പുരുഷന്മാര്‍ അവരുടെ അടുത്തുവന്ന്‌  സുഹൃത്തിനെ ആക്രമിച്ച് പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച ശേഷം ലൈംഗികമായി  ഉപദ്രവിക്കുകയായിരുന്നുവെന്ന്  പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.   Read on deshabhimani.com

Related News