ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല, ബുദ്ധിമുട്ടുകൾ അനുഭവിച്ചവർക്ക് നീതി കിട്ടണം: അൻസിബ



കൊച്ചി > ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണവിധേയരായവരുടെ പേരുകൾ പുറത്തുവിടണമെന്ന് നടിയും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗവുമായ അൻസിബ ഹസൻ. റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമെന്ന് താരസംഘടനയായ അമ്മയ്ക്ക് പറയാനാകില്ല. ശക്തമായ തെളിവുകളുണ്ടെങ്കിൽ ആരോപണവിധേയരുടെ പേരുകൾ പുറത്തുവിടണം. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീകൾ പ്രശ്നം നേരിടുന്നുണ്ട്. അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ട് പുറത്തുവരാൻ വൈകിയത് തെറ്റാണ്. ഒരുപാട് പേർ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. നീതി വൈകുക എന്നത് നീതിനിഷേധം തന്നെയാണ്. സ്ത്രീകൾ അനുഭവിച്ച ബുദ്ധിമുട്ടുകളാണ് റിപ്പോർട്ടിൽ പറയുന്നത്. ബു​ദ്ധിമുട്ടുകൾ അനുഭവിച്ചവർക്ക് നീതി കിട്ടണം. പവർ ​ഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷേ കേൾക്കുമ്പോൾ അത്ഭുതമാണ്. എന്താണെങ്കിലും സർക്കാർ കണ്ടുപിടിക്കണം. ഓരോരുത്തരും അവരുടെ അനുഭവമാണ് പറയുന്നത്. എൻ്റെ സുഹൃത്തുക്കൾ അവർ നേരിട്ട പ്രശ്നങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. സംഘടനകൾക്ക് പരിമിതികളുണ്ട്. സംഘടനയിൽ നിന്നും മാറ്റിനിർത്താനോ, പുറത്താക്കാനോ പറ്റുകയുള്ളൂ. അല്ലാതെ ശിക്ഷ കൊടുക്കാനാവില്ല. നിയമസംവിധാനമാണ് നീതി ഉറപ്പാക്കേണ്ടത്. വേട്ടക്കാർക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കണം. റിപ്പോർട്ടിൽ സ്ത്രീകൾ മൊഴി കൊടുത്തിട്ട് അഞ്ചു വർഷത്തോളമായി. അവർക്ക് നീതി കിട്ടണം. വേട്ടക്കാർ സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കേണ്ട. വ്യക്തമായ തെളിവുകളും രേഖകളുമുണ്ടെങ്കിൽ അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരികതന്നെ വേണം. സിനിമ ആരുടേയും കുത്തകയല്ല. സിനിമ മേഖലയിൽ പ്രശ്നങ്ങളില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്നും ആരോപണ വിധേയർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അൻ‌സിബ പറഞ്ഞു. Read on deshabhimani.com

Related News