ലഹരിക്കെതിരെ ബോധവല്‍ക്കരണം: വിമുക്തി മിഷന്‍ നടത്തുന്നത് ശക്തമായ ഇടപെടലെന്ന് മന്ത്രി എം വി ഗോവിന്ദന്‍



തിരുവനന്തപുരം> സംസ്ഥാനത്ത് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരായി ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍. സംസ്ഥാനത്തെ 14 ഡി അഡിക്ഷന്‍ സെന്റ‌റുകളിലായി കഴിഞ്ഞ ജനുവരിയില്‍ മാത്രം 2101 പേര്‍ക്കാണ്  ലഹരിമോചന ചികിത്സയും കൗണ്‍സിലിംഗും നടത്തിയത്. 157 പേരെ കിടത്തി ചികിത്സിച്ച് ലഹരിയില്‍ നിന്നും മോചിപ്പിക്കാനായി. 38 എന്‍ഡിപിഎസ് കേസുകളില്‍ 21 വയസ്സില്‍ താഴെ പ്രായമുള്ള 44 പേരെ പിടികൂടി. ഇതില്‍ 36 പേര്‍ക്ക് ഡി അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ കൗണ്‍സിലിംഗ് നിര്‍ദേശിക്കുകയും തുടര്‍ചികിത്സ ഏര്‍പ്പാടാക്കുകയും ചെയ്‌തതായി മന്ത്രി വ്യക്തമാക്കി. വിമുക്തി മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലും വിമുക്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.  എല്ലാമാസവും വാര്‍ഡുതല കമ്മിറ്റികള്‍ ചേരുന്നുണ്ട്. നിര്‍ദ്ദേശങ്ങളിലും പരാതികളിലും ഉചിതമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി 65 പേര്‍ക്ക് വിമുക്തി ലഹരിമോചന ചികിത്സയും കൗണ്‍സിലിംഗും ലഭ്യമാക്കി. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരെ അവബോധം സൃഷ്‌ടിക്കുന്നതിനായി ന്യൂ ഇയര്‍ ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മ്മാണ മത്സരവും, ആര്യനാട് റെയിഞ്ചിന്റെ നേതൃത്വത്തില്‍ പ്രാദേശിക ക്ലബ്ബുകളെ ഉള്‍പ്പെടുത്തി ക്രിക്കറ്റ് മത്സരവും ജനുവരി മാസം സംഘടിപ്പിച്ചു. ആദിവാസി മേഖലകളിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ടെന്നും മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.   Read on deshabhimani.com

Related News