ആറന്മുള വള്ളസദ്യയ്‌ക്ക്‌ തുടക്കം



ആറന്മുള > ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വള്ളസദ്യയ്‌ക്ക് തുടക്കം. വഴിപാട് വള്ളസദ്യ ഞായർ പകൽ 11.30ന് ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്‌ഘാടനംചെയ്തു. തൂശനിലയിൽ വിഭവങ്ങൾ വിളമ്പി അദ്ദേഹം വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. വള്ളസദ്യയ്‌ക്കായി എത്തുന്ന ആയിരങ്ങൾക്ക്‌ സംതൃപ്തരായി മടങ്ങാനുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോർഡും ജില്ലാ ഭരണകേന്ദ്രം ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാജി പി രാജപ്പൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഓമല്ലൂർ ശങ്കരൻ, ആർ അജയകുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ അജികുമാർ, കെ സുന്ദരേശൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പത്മകുമാർ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, കലക്ടർ എസ്‌ പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി അജിത് എന്നിവരും പങ്കാളികളായി. ആദ്യദിവസം വഴിപാടായി 10 വള്ളസദ്യകളാണ് നടന്നത്. ഇടശേരിമലകിഴക്ക്, തോട്ടപ്പുഴശേരി, വെൺപാല, തെക്കേമുറി, മല്ലപ്പുഴശേരി, മേലുകര, കോറ്റാത്തൂർ, ഇടനാട്, തെക്കേമുറി കിഴക്ക്, ആറാട്ടുപുഴ പള്ളിയോടങ്ങൾക്കാണ് ഞായറാഴ്‌ച വള്ളസദ്യ വഴിപാട് നടന്നത്.   ക്ഷേത്രത്തിൽ പത്തും സമീപത്തുള്ള സദ്യാലയങ്ങളിലായി അഞ്ച്‌ വള്ളസദ്യകളും നടത്താനാണ് സൗകര്യം ചെയ്തിരിക്കുന്നത്. 52 പള്ളിയോടങ്ങളാണ് വള്ളസദ്യകളിൽ പങ്കെടുക്കുന്നത്. ഒക്ടോബർ രണ്ടുവരെ നടക്കുന്ന വള്ളസദ്യയ്‌ക്ക് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. Read on deshabhimani.com

Related News