ഐഎഫ്എഫ്കെ: റേയിലെ അഗ്നി അരവിന്ദനിൽ പകർന്ന ചൂട്
തിരുവനന്തപുരം > "വറ്റൂസി സോംബി" എന്നു കേൾക്കുമ്പോൾ ഏതോ അന്യഭാഷാ ചിത്രത്തിന്റെ പേരാണ് എന്നു തോന്നും. പക്ഷേ സിറിൽ എബ്രഹാം ഡെനിസ് സംവിധാനം ചെയ്ത മലയാള ചിത്രമാണിത്. അമേരിക്കൻ സംഗീതജ്ഞൻ ജാൻ ഡേവിസിന്റെ ഒരു പാട്ടിന്റെ പേരാണ് വറ്റൂസി സോംബി. എഴുപതുകളിലെ റോക് സംഗീതത്തിന്റെ ആരാധകനായതുകൊണ്ടാണ് ഈ പേര് ചിത്രത്തിന് നല്കിയതെന്ന് സംവിധായകൻ ഒരഭിമുഖത്തിൽ പറയുന്നു. പേരിന് സിനിമയുമായി നേരിട്ടു ബന്ധമില്ലെന്നും ഒരു സബ് ടെക്സ്റ്റ് മാത്രമാണിതെന്നും സിറിൽ എൂബ്രഹാം ഡെനിസ് പറഞ്ഞു. മുഖക്കണ്ണാടി, വിക്ടോറിയ, വെളിച്ചം തേടി എന്നീ ചിത്രങ്ങൾ കൂടി മലയാളം സിനിമ ടുഡേ വിഭാഗത്തിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നുണ്ട്. റീ സ്റ്റോർഡ് ക്ലാസിക്സ് വിഭാഗത്തിൽ വിശ്രുത ജാപ്പനീസ് സംവിധായകൻ അകിര കുറോസാവയുടെ സെവൻ സമുറായി പ്രദർശിപ്പിക്കുന്നു. ഹോളിവുഡ് സംവിധായകരെപ്പോലും സ്വാധീനിച്ച സിനിമയാണിത്. പുതിയ തലമുറയിൽപ്പെട്ടവർക്ക് ഈ ലോക ക്ലാസിക് സിനിമ വലിയ സ്ക്രീനിൽ കാണാനുള്ള അവസരമാണിത്. ഈസ്റ്റ് ഓഫ് നൂൺ, ദ് ഹൈപ്പർബോറിയൻസ്, മീ മറിയം ദ് ചിൽഡ്രൻ ആൻഡ് 26 അദേഴ്സ്, ബോഡി, എൽ ബോ, ആൻ ഓസിലേറ്റിങ് ഷാഡോ എന്നീ ചിത്രങ്ങൾക്കൊപ്പം ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറം എന്ന മലയാളചിത്രവും മത്സര വിഭാഗത്തിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും. ഭരതൻ സംവിധാനം ചെയ്ത അമരം അടക്കമുള്ള ചേതോഹരമായ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച മധു അമ്പാട്ടിന്റെ സിനിമകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പായ്ക്കേജിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നത് അദ്ദേഹം സംവിധാനം ചെയ്ത 1:1:6 ആൻ ഓഡ് റ്റു ലോസ്റ്റ് ലവ് എന്ന ചിത്രമാണ്. ഇംഗ്ലീഷാണ് ഭാഷ. ലൈഫ് ടൈം അചിവ്മെന്റ് പുരസ്കാരം നൽകി ഐഎഫ്എഫ്കെ ആദരിച്ച ഹോങ് കോങ് സംവിധായിക ആൻ ഹുയിയുടെ ദ് പോസ്റ്റ് മോഡേൺ ലൈഫ് ഓഫ് മൈ ഓൺട് തിങ്കളാഴ്ച കാണാം. ഐഎഫ്എഫ്കെയിലെ ഏറ്റുവം പ്രധാനപ്പെട്ട ചടങ്ങാണ് അരവിന്ദൻ സ്മാരക പ്രഭാഷണം. 2003 ൽ വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയാണ് ആദ്യ അരവിന്ദൻ സ്മാരക പ്രഭാഷണം നടത്തിയത്. തുടർന്നുള്ള വർഷങ്ങളിൽ അബ്ബാസ് കിയോരസ്താമി, മാർഗരറ്റ് വോൺ ട്രോട്ട, മണി കൌൾ, അപർണ സെൻ, ഫെർണാണ്ടോ സൊലാനസ്, ബേല ടാർ തുടങ്ങി പല ചലച്ചിത്ര പ്രതിഭകളും അരവിന്ദൻ മെമോറിയൽ ലെക്ചർ നടത്തുകയുണ്ടായി. ഈ വർഷത്തെ അരവിന്ദൻ സ്മാരക പ്രഭാഷണം നടത്തുന്നത് ഫ്രഞ്ച് സംഗീതകാരിയും പിയാനിസ്റ്റുമായ ബിയാട്രിസ് തിരിയറ്റ് ആണ്. ഒരു ചലച്ചിത്രകാരൻ മാത്രമായിരുന്നില്ല ജി അരവിന്ദൻ. ചിത്രകാരനും കാർട്ടൂണിസ്റ്റും സംഗീതജ്ഞനും കൂടിയായിരുന്നു. അതുകൊണ്ടാണ് ഇക്കുറി ഒരു സംഗീതജ്ഞയെ സ്മാരക പ്രഭാഷണം നടത്താൻ ക്ഷണിച്ചത്. 1991 മാർച്ച് 11 ന് അൻപത്തിയാറാം വയസ്സിലാണ് അരവിന്ദൻ മരിക്കുന്നത്. 33 വർഷം കഴിഞ്ഞിരിക്കുന്നു. 1991 മാർച്ച് 7 ന്, മരിക്കുന്നതിന് നാലു ദിവസം മുൻപ്, അരവിന്ദൻ ഒരു ചിത്രം വരച്ചു. സാക്ഷാൽ സത്യജിത് റേയുടെ ചിത്രം. അതോടൊപ്പം അരവിന്ദൻ ഇങ്ങനെ എഴുതി. When I met the maestro last, his pipe was empty. Walking back in that late winter night, I felt warm from the fire within him.റേയെ ഏറ്റവുമൊടുവിൽ സന്ദർശിച്ചു മടങ്ങിയ ആ ശീതകാല രാത്രിയിൽ അദ്ദേഹത്തിന്റെ പൈപ്പ് ശൂന്യമായിരുന്നു. പക്ഷേ റേയുടെ ഉള്ളിൽ ജ്വലിച്ച അഗ്നി എനിക്കു ചൂടു പകർന്നു എന്നാണ് അരവിന്ദൻ എഴുതുന്നത്. അടുത്ത വർഷം റേയും ജീവിതത്തിന്റെ തിരശ്ശീലയിൽ നിന്നു മാഞ്ഞു. ഇരുവരും പ്രേക്ഷകരിൽ പകർന്നത് സർഗ്ഗാത്മകതയുടെ അണയാത്ത അഗ്നിയാണ്. Read on deshabhimani.com