കേരളത്തിൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കാൻ അർജന്റീന ; കായികമന്ത്രി അർജന്റീന ഫുട്ബോൾ അസോ. പ്രതിനിധികളുമായി ചർച്ച നടത്തി
തിരുവനന്തപുരം സംസ്ഥാന സർക്കാരുമായി ചേർന്ന് കേരളത്തിൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കാൻ താൽപര്യം അറിയിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ). കായികമന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി സ്‌പെയ്‌നിലെ മാഡ്രിഡിൽ കൂടിക്കാഴ്‌ച നടത്തി. അന്താരാഷ്ട്ര സൗഹൃദമത്സര വേദിയായി കേരളത്തെ പരിഗണിക്കാമെന്നും എഎഫ്എ പ്രതിനിധികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി അസോസിയേഷൻ പ്രതിനിധികൾ ഉടൻ കേരളം സന്ദർശിക്കും. എഎഫ്എയുമായുള്ള സഹകരണം കേരളത്തിന് മുതൽക്കൂട്ടാകുമെന്നും അതിവേഗം യാഥാർഥ്യമാക്കാൻ ആഗ്രഹിക്കുന്നതായും മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. മന്ത്രിയും സംഘവും മാഡ്രിഡിലെ വിവിധ കായിക വികസന കേന്ദ്രങ്ങളും സന്ദർശിച്ചു. സ്‌പെയ്‌നിലെ സ്പോർട്സ് കൗൺസിലുമായി സംഘം കൂടിക്കാഴ്ച നടത്തി. കാലിക്കറ്റ് സർവകലാശാലയിൽ ആരംഭിക്കുന്ന സ്‌പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്ന കാര്യവും ചർച്ചയായി. സംസ്ഥാനത്തെ നിലവിലുള്ള പരിശീലന കേന്ദ്രങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സഹായവും വാഗ്ദാനം ചെയ്തു. കായിക സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കായിക ഡയറക്ടർ വിഷ്ണുരാജ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി. Read on deshabhimani.com