അരിക്കൊമ്പന്‍ ദൗത്യം പൂര്‍ണവിജയം; ആനയെ കാട്ടിലാക്കി ദൗത്യ സംഘം മടങ്ങി
ഇടുക്കി> അരിക്കൊമ്പന്‍ ദൗത്യം പൂര്‍ണവിജയം. അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഉള്‍ക്കാട്ടില്‍ തുറന്നുവിട്ട് ദൗത്യസംഘം മടങ്ങി. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ജനവാസ മേഖലയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് ആനയെ തുറന്ന് വിട്ടത്. ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അരിക്കൊമ്പന്റെ തുടര്‍ന്നുള്ള നീക്കങ്ങള്‍ ദൗത്യസംഘം നിരീക്ഷിക്കും. പരിശോധനയില്‍ ആന ആരോഗ്യവാനാണെന്ന് വ്യക്തമായിട്ടുണ്ട്. ശരീരത്തിലെ മുറിവുകള്‍ പ്രശ്നമുള്ളതല്ല. ആനയെ നിരന്തരം നിരീക്ഷിക്കും. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ വേണ്ടത് ചെയ്യും. ആനയുടെ ചെറു ചലനങ്ങള്‍ പോലും നിരീക്ഷിക്കുകയാണ്. പുതിയ അന്തരീക്ഷവുമായി അരിക്കൊമ്പന്‍ പൊരുത്തപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയോടാണ് അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ചത്. തുടര്‍ന്ന് പുലര്‍ച്ചയോടെ തുറന്നുവിടുകയായിരുന്നു. ഒന്നര ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെ 11.55 ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. മയങ്ങിയ ആനയെ അഞ്ച് മണിക്കൂര്‍ കൊണ്ടാണ് വാഹനത്തില്‍ കയറ്റിയത്. കോന്നി സുരേന്ദ്രന്‍ അടക്കമുള്ള നാല് കുങ്കിയാനകളും ദൗത്യ സംഘത്തില്‍ ഉണ്ടായിരുന്നു. ലോറിയില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന അരിക്കൊമ്പനെ കുങ്കിയാനകള്‍ തള്ളിക്കയറ്റുകയായിരുന്നു. Read on deshabhimani.com