ട്രക്ക്‌ കണ്ടെത്തി ; ഇന്ന്‌ അർജുനടുത്തേക്ക്‌



അങ്കോള കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുന്റെ ട്രക്ക്‌ ഒമ്പത്‌ ദിവസം നീണ്ട കാത്തിരിപ്പിനും കഠിന പ്രയത്നത്തിനുമൊടുവിൽ  കണ്ടെത്തി. ദുരന്തവാർത്തയുടെ പത്താംനാൾ രക്ഷാപ്രവർത്തകർ അർജുന്റെ അടുത്തെത്തും. ട്രക്ക്‌ ഉയർത്താനും അർജുനെ കണ്ടെത്താനുമുള്ള പ്രവർത്തനങ്ങൾ വ്യാഴാഴ്ച നടക്കും. മലയാളിയായ റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ  രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.   മണ്ണിടിഞ്ഞ ഷിരൂരിലെ ഗംഗാവലിപ്പുഴയിൽ, ചായക്കടയുണ്ടായിരുന്ന സ്ഥലത്തിന്‌ 20 മീറ്റർ അകലെ 15 അടി താഴ്ചയിൽ തലകീഴായാണ്‌ അർജുന്റെ ട്രക്ക്‌ കണ്ടെത്തിയത്‌. പുഴയിൽ ഭാരത്‌ ബെൻസിന്റെ ട്രക്കുണ്ടെന്നും അത്‌ അർജുന്റേത്‌ തന്നെയാണെന്നും കാർവാർ എംഎൽഎ സതീഷ്‌ കൃഷ്‌ണ സെയിൽ ബുധനാഴ്ച മാധ്യമങ്ങളോട്‌ പറഞ്ഞു. പുഴയിൽ ട്രക്കുള്ളതായി മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡയും കാർവാർ പൊലീസും സ്ഥിരീകരിച്ചു. ട്രക്ക്‌ കണ്ടെത്തിയ സ്ഥലം അടയാളപ്പെടുത്തിയതായി ഉത്തര കന്നഡ കലക്ടർ ലക്ഷ്‌മിപ്രിയയും പറഞ്ഞു.   മൂന്നരയോടെ സ്ഥലം തിരിച്ചറിഞ്ഞെങ്കിലും കടുത്ത മഴയും കാറ്റും തിരച്ചിലിന്‌ തടസമായി. ട്രക്കിനെ ഉറപ്പിച്ചുനിർത്താൻ നാവികസേന മുങ്ങൽ വിദഗ്‌ധർ ശ്രമിച്ചെങ്കിലും കുത്തൊഴുക്കായതിനാൽ ഇറങ്ങാനായില്ല. കരയിൽ ഉച്ചയോടെ എത്തിച്ച മണ്ണുമാന്തിയന്ത്രം ചെളി നീക്കിത്തുടങ്ങിയിരുന്നു. മഴ കനത്തതിനാൽ രാത്രി ഏഴോടെ മടങ്ങി. സമാനമായ മറ്റൊരു മണ്ണുമാന്തിയന്ത്രവും എത്തിക്കുമെന്ന്‌  സതീഷ്‌ സെയിൽ എംഎൽഎ അറിയിച്ചു.     മണ്ണിടിഞ്ഞ്‌ പുഴയുടെ നടുവിൽ രൂപപ്പെട്ട മൺകൂനയ്‌ക്കും കരയ്‌ക്കും ഇടയിലാണ്‌ ട്രക്കുള്ളത്‌. വ്യാഴാഴ്‌ച രാവിലെ ട്രക്ക്‌ ഉയർത്താനുള്ള മാസ്റ്റർപ്ലാൻ നാവികസേന തയ്യറാക്കും. അനുകൂല കാലവസ്ഥയല്ലെങ്കിൽ എയർ ലിഫ്‌റ്റിങ്‌ അടക്കമുള്ളവയും ആലോചിക്കുന്നുണ്ട്‌. ഡൽഹിയിൽനിന്ന്‌ വിദഗ്‌ധരും ഉപകരണങ്ങളും പുലർച്ചെ എത്തും. വിമാനത്തിൽ സുരക്ഷാ കാരണങ്ങളാൽ കയറ്റാൻ പറ്റാത്ത റഡാർ അടക്കമുള്ള ഉപകരണങ്ങൾ രാജധാനി എക്‌സ്‌പ്രസിലാണ്‌ എത്തിക്കുക. ഡ്രോൺ നിരീക്ഷണവും ഉണ്ടാകും. മാധ്യമങ്ങൾക്കും കാമറകൾക്കും കർശനവിലക്ക്‌ ഏർപ്പെടുത്തി.16ന്‌ രാവിലെയായിരുന്നു അപകടം. അർജുനെയും രണ്ട്‌ കർണാടക സ്വദേശികളെയുമാണ്‌  കണ്ടെത്താനുള്ളത്‌. Read on deshabhimani.com

Related News