സർക്കാർ ആശുപത്രികളിലെ അടിസ്ഥാനസൗകര്യ വികസനം ; 69.35 കോടിയുടെ 
പദ്ധതികള്‍ക്ക് അംഗീകാരം



തിരുവനന്തപുരം സർക്കാർ ആശുപത്രികളിലെ അടിസ്ഥാനസൗകര്യ വികസനത്തിന്‌ 69.35 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം. ദേശീയ ആരോഗ്യദൗത്യം (ആരോഗ്യകേരളം) മുഖേന കേരളം നടപ്പാക്കുന്ന 2024–--25ലെ വാർഷിക പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യദൗത്യം പദ്ധതികൾ നടപ്പാക്കുന്നത്. ആശുപത്രികളിൽ തുടരുന്ന വികസനപ്രവർത്തനങ്ങൾക്ക് പുറമെയാണ് പുതിയ പദ്ധതികൾ അനുവദിച്ചതെന്ന്‌ മന്ത്രി വീണാ ജോർജ്‌ വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 50 കിടക്കകളുള്ള മാതൃശിശു മന്ദിരത്തിന്‌ 6.16 കോടി, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ വെയർഹൗസുകൾക്ക്‌ 4.70 കോടി വീതം, കാസർകോട്‌ ടാറ്റ ആശുപത്രിയിൽ പുതിയ ഒപി, ഐപി കെട്ടിടത്തിന് 4.5 കോടി, മലപ്പുറം ജില്ലയിൽ സ്‌കിൽ ലാബ്, ട്രെയിനിങ് സെന്റർ എന്നിവയ്‌ക്കായി 3.33 കോടി, എറണാകുളം പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ഒപി ബ്ലോക്ക്, കാഷ്വാലിറ്റി എന്നിവ നവീകരിക്കാൻ 3.87 കോടി, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡയഗ്‌നോസ്‌റ്റിക് ബ്ലോക്ക് നവീകരണത്തിന്‌ മൂന്നുകോടി, ഇടുക്കി ഇടമലക്കുടി സ്‌റ്റാഫ് ക്വാർട്ടേഴ്സ് നിർമാണത്തിന് 1.70 കോടി, ഇടുക്കി ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്താൻ മൂന്നുകോടി, മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പീഡിയാട്രിക് വാർഡ്, വയനാട് വൈത്തിരി ആശുപത്രിയിൽ ഐപി ബ്ലോക്ക് ശക്തിപ്പെടുത്താൻ 1.50 കോടി, ഗൈനക് പോസ്‌റ്റ്‌ ഓപറേറ്റീവ് വാർഡ് 2.09 കോടി, കണ്ണൂർ പഴയങ്ങാടി ആശുപത്രിയിൽ കാഷ്വാലിറ്റി ബ്ലോക്കിന് 2.10 കോടി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓപറേഷൻ തീയേറ്റർ നവീകരണത്തിന്‌ 3.11 കോടി എന്നിങ്ങനെ തുകയ്‌ക്കുള്ള നിർമാണപ്രവൃത്തികൾക്കാണ്‌ അംഗീകാരം. Read on deshabhimani.com

Related News