അരൂർ തുറവൂർ ആകാശപാത ; അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിലാക്കാൻ നിർദേശം
കൊച്ചി അരൂർ–-തുറവൂർ ആകാശപാത നിർമാണംമൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ തീർക്കാൻ നിർദേശിച്ച് ഹെെക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതി നിർദേശപ്രകാരം ആലപ്പുഴ കലക്ടർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന റോഡ് ഉടൻ നന്നാക്കുക, ഇരുഭാഗത്തും നടപ്പാത നിർമിക്കുക, പെെലിങ് നടത്തുമ്പോൾ ഉണ്ടാകുന്ന ചെളി റോഡിൽനിന്ന് മാറ്റുക തുടങ്ങിയ നിർദേശങ്ങൾ കരാർ കമ്പനിയായ അശോക ബിൽഡ്കോണിന് കൈമാറി. നിർമാണമേഖലയിലേക്ക് ഭാരവാഹനങ്ങളുടെ പ്രവേശനം തടഞ്ഞിട്ടുണ്ടെന്നും അവ എംസി റോഡുവഴിയും കുണ്ടന്നൂർ വഴിയും തിരിച്ചുവിടുന്നുണ്ടെന്നും അറിയിച്ചു. കലക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് വിലയിരുത്താൻ അമിക്കസ് ക്യൂറിക്ക് ഹൈക്കോടതി നിർദേശം നൽകി. സ്ഥലം സന്ദർശിച്ച് നിലവിലെ സ്ഥിതി വിലയിരുത്താനും നിർദേശിച്ചു. ഹർജി 24ന് വീണ്ടും പരിഗണിക്കും. Read on deshabhimani.com