സംസ്ഥാനത്ത്‌ 140 കൃത്രിമ ഗര്‍ഭധാരണ സേവന സ്ഥാപനങ്ങൾ ; രജിസ്‌ട്രേഷൻ പൂർത്തിയാക്കി



തിരുവനന്തപുരം സംസ്ഥാനത്ത്‌ കൃത്രിമ ഗർഭധാരണ സേവനം നൽകുന്ന 140 സ്ഥാപനങ്ങളുടെ പരിശോധന പൂർത്തിയാക്കി രജിസ്‌ട്രേഷൻ നൽകി ആരോഗ്യവകുപ്പ്‌. 18 എആർടി ലെവൽ 1 ക്ലിനിക്കുകൾക്കും 78 എആർടി ലെവൽ 2 ക്ലിനിക്കുകൾക്കും 20 സറോഗസി ക്ലിനിക്കുകൾക്കും 24 എആർടി ബാങ്കുകൾക്കുമാണ്‌ രജിസ്‌ട്രേഷൻ നൽകിയത്‌. വന്ധ്യതാ നിവാരണ സേവനം നൽകുന്ന സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ നടത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സറോഗസി ക്ലിനിക്കുകൾ, എആർടി (ആർട്ടിഫിഷ്യൽ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകൾ, എആർടി ബാങ്കുകൾ തുടങ്ങിയവ എആർടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷൻ ചെയ്യണമെന്നാണ്‌ നിയമം.  സറോഗസി ക്ലിനിക്, എആർടി ലെവൽ 1 ക്ലിനിക്, എആർടി ലെവൽ 2 ക്ലിനിക്, എആർടി ബാങ്ക് എന്നീ നാല്‌തരം ക്ലിനിക്കുകൾക്കാണ്‌ രജിസ്‌ട്രേഷൻ നൽകിയത്‌. സംസ്ഥാന തലത്തിൽ പരിശോധന നടത്താൻ സ്റ്റേറ്റ് ബോർഡും അംഗീകൃത അതോറിറ്റിയുമുണ്ട്. സ്റ്റേറ്റ് ബോർഡിന്റെ മേധാവി ആരോഗ്യമന്ത്രിയും അംഗീകൃത അതോറിറ്റിയുടെ മേധാവി ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയുമാണ്. സ്ഥാപനത്തെപ്പറ്റി പൊതുജനങ്ങൾക്ക്‌ പരാതിയുണ്ടെങ്കിൽ പരിശോധിച്ച്‌ നടപടിയെടുക്കും. രജിസ്‌ട്രേഷൻ  ലഭ്യമായ സ്ഥാപനങ്ങളുടെ പട്ടിക https://dhs.kerala.gov.in/en/vigilance/ വെബ് സൈറ്റിലുണ്ട്‌. Read on deshabhimani.com

Related News