അരുണാചലിൽ ഹെലികോപ്‌റ്റർ അപകടം : മലയാളി ഉള്‍പ്പെടെ 4 സൈനികര്‍ക്ക് ദാരുണാന്ത്യം

കെ വി അശ്വിൻ


ഗുവാഹത്തി അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി ഉള്‍പ്പെടെ നാലു സൈനികർ മരിച്ചു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. മിഗ്ഗിങ് ഗ്രാമത്തിൽ വെള്ളി രാവിലെ 10.43-നാണ് സൈന്യത്തിന്റെ അഡ്‌വാൻസ്‌ഡ്‌ ലൈറ്റ്‌ ഹെലികോപ്‌റ്റർ അപകടത്തിൽപ്പെട്ടത്‌. അഞ്ചുപേരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. കാസര്‍​കോട്  ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിനാണ് (24) മരിച്ച മലയാളി. വെള്ളി വൈകിട്ട്‌ ആറിനാണ്‌ സൈനിക ഉദ്യോഗസ്ഥർ അച്ഛന്‍ അശോകന്റെ ഫോണിൽ ദുരന്ത വാർത്ത അറിയിച്ചത്‌. നാലുവർഷം മുമ്പാണ്‌ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനിയറായി അശ്വിൻ ജോലിക്ക്‌ കയറിയത്‌. ഒരുമാസം മുമ്പ്‌ നാട്ടിൽ അവധിക്ക്‌ വന്നിരുന്നു. അമ്മ കെ വി കൗശല്യ. സഹോദരങ്ങൾ: അശ്വതി, അനശ്വര. അപകടസ്ഥലത്ത്‌ റോഡുമാർഗം എത്തിപ്പെടാൻ പ്രയാസമാണ്‌.  എംഐ-17, രണ്ട് ദ്രുവ് ഹെലികോപ്റ്റര്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. Read on deshabhimani.com

Related News